ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ദർശനവും സ്മരണയും നിലനിൽക്കേണ്ടത് മതനിരപേക്ഷതയ്ക്ക് അനിവാര്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമാനതകളില്ലാത്ത സാമൂഹിക വിപ്ളവമാണ് ഗുരു നടത്തിയത്. മത- വർഗീയതയ്ക്കെതിരായ സന്ദേശമാണ് അദ്ദേഹം മുന്നോട്ടുവച്ചതെന്നും ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങിൽ കടകംപള്ളി പറഞ്ഞു.
കേരളത്തിന്റെ നവോത്ഥാന ചിന്തകൾക്ക് നേതൃത്വം നൽകിയ മഹാപുരുഷനാണ് ഗുരു. തിരുവനന്തപുരം ജില്ലയിൽ അദ്ദേഹം സഞ്ചരിച്ച വഴികൾ ബന്ധപ്പെടുത്തി ഒരു പദ്ധതി തയ്യാറാക്കാൻ 2017-ൽ വി.ജോയി എം.എൽ.എ ഒരു കത്തു നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കാൻ ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. അരുവിപ്പുറം, കോലത്തുകര, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം,അണിയൂർ ക്ഷേത്രം, തോന്നയ്ക്കൽ ആശാൻ സ്മാരകം, കായിക്കര, ശിവഗിരി പാപനാശം കടപ്പുറം തുടങ്ങിയ കേന്ദ്രങ്ങൾ ബന്ധപ്പെടുത്തിയുള്ള വിപുലമായ സർക്യൂട്ടാണ് ലക്ഷ്യമിട്ടത്. ഇത് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്താൻ കൺസെപ്റ്റ് നോട്ട് തയ്യാറാക്കി ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചെന്നും
ശിവഗിരിമഠവും ഇത്തരത്തിൽ ഒരു നിവേദനം സമർപ്പിച്ചത് ഇതേ ഘട്ടത്തിലായിരുന്നെന്നും മന്ത്രി പറഞ്ഞു.