കല്ലമ്പലം: പള്ളിക്കലിൽ ഭൂരിഭാഗം സർക്കാർ സ്ഥാപനങ്ങളും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോൾ ഒന്നരക്കോടിയോളം രൂപ ചെലവിൽ നിർമിച്ച സിവിൽ സ്റ്റേഷൻ മന്ദിരം കാട് കയറി നശിക്കുന്നു.
2015 ൽ അന്നത്തെ എം.എൽ.എ ആയിരുന്ന വർക്കല കഹാറാണ് കെട്ടിടം ഉദ്‌ഘാടനം ചെയ്‌തത്. നാല് വർഷം കഴിഞ്ഞിട്ടും ഇത് പ്രവർത്തന സജ്ജമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപങ്ങളെല്ലാം ഉടൻ തന്നെ ഇൗ കെട്ടിടത്തിലേക്ക് മാറ്റുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഇഴജന്തുക്കളും സാമൂഹ്യ വിരുദ്ധരുമാണ് ഈ കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളും ഇവിടം കൈയേറിയിരിക്കുകയാണ്. ജനപ്രതിനിധികളടക്കം പലരും ഇതിനെതിരെ ചോദ്യമുന്നയിച്ചെങ്കിലും ഉടൻ ശരിയാകുമെന്ന മറുപടിയല്ലാതെ വ്യക്തമായ ഒരു ഉത്തരം അധികൃതരുടെ പക്കൽ ഇല്ല.
സിവിൽ സ്റ്റേഷൻ നിലകൊള്ളുന്ന സ്ഥലം ആദ്യം പഞ്ചായത്തിന്റെ ഭൂമിയായിരുന്നു. പള്ളിക്കൽ വില്ലേജ് ഓഫീസ് ഇവിടേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് ഭൂമി റവന്യൂവിലേക്ക് കൈമാറി. എന്നാൽ നിലവിൽ വില്ലേജിന് സ്വന്തമായി ഭൂമിയും കെട്ടിടവും ഉള്ളതിനാൽ മാറ്റം നടന്നില്ല. തുടർന്ന് സിവിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഭൂമി പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലേക്ക് മാറ്റുകയായിരുന്നു.
കുടുംബശ്രീ യൂണിറ്റ്, വൈദ്യുതി ഓഫീസ്, കൃഷിഭവൻ, അംഗൻവാടി തുടങ്ങിയ സ്ഥാപനങ്ങൾ പള്ളിക്കലിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളെയും ഉൾകൊള്ളാൻ സിവിൽ സ്റ്റേഷൻ മന്ദിരത്തിന് കഴിയും.