നെടുമങ്ങാട്: മലയോര വാസികളുടെ സ്വപ്ന പദ്ധതിയായ വഴയില - നെടുമങ്ങാട് നാലുവരിപ്പാത രണ്ടുവരിയായി ചുരുക്കാനുള്ള അണിയറ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ പരിധിക്കുള്ളിൽ 1.5 കി. മീറ്റർ റോഡ് മാത്രം നാലുവരി പാതയാക്കാനും വഴയില മുതൽ പഴകുറ്റി വരെ 9.5 കി.മീറ്റർ രണ്ടു വരിപ്പാതയായി നിലനിറുത്താനും നീക്കം നടക്കുന്നതായാണ് പരാതി. കഴിഞ്ഞ 24 ന് കിഫ്‌ബി ഓഫീസിൽ ചേർന്ന പ്രത്യേക യോഗം പദ്ധതിയുടെ ഡി.പി.ആർ മാറ്റം വരുത്തി റീ അറേഞ്ച് ചെയ്യാൻ നിർദ്ദേശം നൽകിയെങ്കിലും സി.പി.എം നേതൃത്വം ഇടപെട്ട് നടപടികൾ നിറുത്തിവച്ചതായാണ് സൂചന. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള തടസവാദങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈ എടുത്ത് ഈ ആഴ്ച യോഗം വിളിച്ചു ചേർത്തിട്ടുമുണ്ട്. ആക്ഷൻ കൗൺസിൽ ഭാരവാഹികളെ അടക്കം യോഗത്തിലേക്ക് ക്ഷണിച്ചതായാണ് വിവരം. ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ അനുമതി ലഭിച്ച നാലുവരിപ്പാത ഏതുവിധേനയും നടപ്പിലാക്കണമെന്ന നിലപാടിലാണ് നാട്ടുകാർ. ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച സ്ഥലവാസികളും സി. ദിവാകരൻ എം.എൽ.എയും പാത രണ്ടുവരിയാക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്. സി.പി.എം ഏരിയാ കമ്മിറ്റിയും പ്രത്യേകം നിവേദനം നൽകിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നാലുവരിപ്പാതയ്ക്ക് പിണറായി സർക്കാരിന്റെ പ്രഥമ ബഡ്ജറ്റിൽ തന്നെ 50 ലക്ഷം രൂപ വകയിരുത്തി പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. പി.ഡബ്ലിയു.ഡി സമർപ്പിച്ച ഡി.പി.ആർ പ്രകാരം പദ്ധതി നടത്തിപ്പിനാവശ്യമായ ഒമ്പത് ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമിറക്കി എൽ.എ സ്‌പെഷ്യൽ തഹസിൽദാരെ നിയമിച്ച് നോട്ടിഫിക്കേഷനും പുറപ്പെടുവിച്ചു. 88 കോടി രൂപയാണ് ഭൂമിയുടെ വില കണക്കാക്കിയിട്ടുള്ളത്. സ്ഥലം വിട്ടുനൽകാൻ ഭൂരിഭാഗം ഉടമകളും സന്നദ്ധത അറിയിച്ച് കത്ത് നൽകിയിട്ടുണ്ട്. മൊത്തം 348 കോടി രൂപ അടങ്കൽ പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പ്രളയദുരിതമാണ് തിരിച്ചടിയായത്.ഇതിനിടെ, എൻ.എച്ച് അതോറിട്ടി റോഡ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും വൈകാതെ അവർ പിന്മാറി. പ്രതിസന്ധികൾ ഓരോന്നായി മറികടന്ന് നാലുവരിപ്പാതയുമായി സംസ്ഥാന സർക്കാർ വീണ്ടും മുന്നോട്ടു പോകുമ്പോഴാണ് രണ്ടുവരിപ്പാതയാക്കി ഡി.പി.ആർ തിരുത്താനുള്ള അണിയറ നീക്കം.