ശിവഗിരി: ഗുരുദേവന്റെ ഏകലോക ദർശനത്തിനു കിട്ടിയ കാണിക്കയാണ് ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ട് എന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. സർക്കാരുകൾ മാറിമാറി വന്നെങ്കിലും ഇപ്പോഴാണ് ഒരു കണ്ണ് ഈ പുണ്യഭൂമിയിലേക്ക് തുറന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദർശനത്തെ ഭാരതം മാത്രമല്ല, ലോകരാഷ്ട്രങ്ങൾ തന്നെ ഉറ്റുനോക്കുന്ന കാലഘട്ടത്തിലാണ് ഇത് പ്രാവർത്തികമാവുന്നത്.പ്രദീപ്, പ്രവീൺ എന്നീ രണ്ടു പേരാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കി മഠത്തിനു നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് നിവേദനം നൽകി.ഒരു മാസത്തിനകം 100 കോടിയുടെ പദ്ധതി തയ്യാറാക്കാൻ നിർദേശിച്ച് കേന്ദ്രത്തിന്റെ കത്തു ലഭിച്ചു.പിന്നീട് 118 കോടിയുടെ പദ്ധതി സംസ്ഥാന സർക്കാർ തയ്യാറാക്കി സമർപ്പിച്ചു. മഹാസമാധി നവതിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ തുഷാർ വെള്ളാപ്പള്ളിയ്ക്കും വി.മുരളീധരൻ എം.പിക്കും ഒപ്പം ഡൽഹിയിൽ എത്തിയപ്പോൾ പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. തുടർന്ന് അമിത്ഷായെ കണ്ടു.അദ്ദേഹമാണ് മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ കാര്യങ്ങൾ ചുമതലപ്പെടുത്തിയത്.
പിന്നീട്, സംസ്ഥാനത്തിന് കേന്ദ്ര ടൂറിസം വകുപ്പ് കത്തയച്ചു. പ്രളയകാലത്ത് അൽഫോൺസ് കണ്ണന്താനം കേരളത്തിലെത്തിയപ്പോൾ സെപ്റ്റംബർ 24 ന് താനുമായും ജനറൽ സെക്രട്ടറിയുമായും വിശദമായ ചർച്ച നടത്തി. 2018 ഒക്ടോബർ 27 ന് യതിപൂജയുടെ സമാപന ദിവസമാണ് അൽഫോൺസ് കണ്ണന്താനം ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നത്. പദ്ധതിയുടെ പണിപ്പുരയിലായിരുന്നു അദ്ദേഹവും. അദ്ദേഹത്തിന്റെ വകുപ്പും.പ്രധാനമന്ത്രിയും അമിത്ഷായും എത്ര ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്ന് മനസിലാക്കണം.എം.പിമാരായ റിച്ചാർഡ് ഹെ, വി.മുരളീധരൻ തുടങ്ങി നിരവധി പേർ ഇതിനായി പ്രവർത്തിച്ചു. ദേശീയ തലത്തിൽ സർക്കാരുകൾ ഗുരുദർശനം പ്രാവർത്തികമാക്കുന്നു. ഗുരുശിഷ്യർക്കും ഗുരുവിന്റെ ധർമ്മസംസ്ഥാപനത്തിനും ലഭിച്ച സാക്ഷ്യപത്രം കൂടിയാണ് ഇത്. മഠവും എസ്.എൻ.ഡി.പിയോഗവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിക്കുന്ന കാലഘട്ടത്തിലാണ് ഈ അനുഗ്രഹമുണ്ടായതെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.