photo

നെടുമങ്ങാട് : കാർ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചുള്ളിമാനൂർ ജംഗ്ഷനു സമീപം കോഴിക്കട നടത്തുന്ന യുവാവിനെ ആയുധങ്ങളുമായെത്തിയ ആറംഗ സംഘം ആക്രമിച്ച് പരിക്കേല്പിച്ചു. ചുള്ളിമാനൂർ കഴക്കുന്ന് എം.ആർ. മൻസിലിൽ മൻസൂറിന്റെ മകൻ മുഹമ്മദ് ഷാൻ (21) ആണ് അക്രമണത്തിനിരയായത്. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രണ്ടാഴ്ച മുമ്പ് അക്രമികൾ വാടയ്ക്കെടുത്ത മുഹമ്മദ് ഷാന്റെ റെന്റ് എ കാർ അപകടത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് പണം നൽകാതെ കാർ തിരികെ കൊണ്ടിട്ടതിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കെ നെടുമങ്ങാട്ടു വച്ച് മുഹമ്മദ് ഷാനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് മുഹമ്മദ് ഷാൻ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയ വൈരാഗ്യമായിരുന്നു ആക്രമണത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. തലയ്ക്ക് വെട്ടേറ്റ മുഹമ്മദ് ഷാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ശരീരമാസകലം അടിയേറ്റ പാടുകളുമുണ്ട്. ആയുധങ്ങളുമായി അക്രമികൾ കടയിലേക്ക് വരുന്നത് കണ്ട് മുഹമ്മദ് ഷാനും രണ്ടു ജീവനക്കാരും രക്ഷപ്പെടാനായി ഇറങ്ങിയോടുകയായിരുന്നു. ഓട്ടത്തിനിടെ വീണുപോയ മുഹമ്മദ് ഷാനെ പിന്തുടർന്നെത്തിയ അക്രമികൾ കമ്പികൊണ്ട് മർദ്ദിക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നെന്ന് വലിയമല പൊലീസ് അറിയിച്ചു. അക്രമിസംഘത്തിലുണ്ടായിരുന്ന ആറ് പേരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.