ശിവഗിരി: ഗുരുപാദം പതിഞ്ഞ പുണ്യസ്ഥലികൾ ചേർത്തൊരു തീർത്ഥാടകപഥമെന്ന സ്വപ്‌നത്തിന് ആദ്യശില. ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ശിലാസ്ഥാപനം, ശിവഗിരിയിൽ ചേർന്ന പ്രൗഢമായ ചടങ്ങിൽ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം നിർവഹിച്ചു. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള തീർത്ഥാടനപഥത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.
ലോകം കണ്ട ഏറ്റവും വലിയ വിപ്ളവകാരിയായിരുന്നു ഗുരുദേവൻ എന്നും, ഗുരു ജീവിച്ചിരുന്ന പുണ്യഭൂമിയൽ അദ്ദേഹത്തിന്റെ നാമത്തിൽത്തന്നെ സർക്യൂട്ട് യാഥാർത്ഥ്യമാകുന്നത് സന്തോഷകരമാണെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. അരുവിപ്പുറം, കോലത്തുകര, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം,അണിയൂർ ക്ഷേത്രം, തോന്നയ്ക്കൽ ആശാൻ സ്മാരകം, കായിക്കര, ശിവഗിരി പാപനാശം കടപ്പുറം തുടങ്ങിയ കേന്ദ്രങ്ങൾ ബന്ധപ്പെടുത്തിയാണ് വിപുലമായ സർക്യൂട്ട് ഒരുങ്ങുന്നത്.
കേരളത്തിൽ നവോത്ഥാന ചിന്തകൾക്കു നേതൃത്വം നൽകിയ മഹാപുരുഷനാണ് ശ്രീനാരായണ ഗുരുവെന്ന് ആശംസാപ്രസംഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനായിരുന്നു. ഗുരുദർശനത്തെ ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന കാലഘട്ടത്തിലാണ് തീർത്ഥാടന സർക്യൂട്ട് പ്രാവർത്തികമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ ഏറെ താത്‌പര്യം കാണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെയും പ്രത്യേകം അഭിനന്ദിക്കേണ്ടതാണെന്ന് ചടങ്ങിൽ പ്രസംഗിച്ച എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരിയിൽ ലാൻഡ്‌സ്‌കേപ്പിംഗ്, പിൽഗ്രിം ഫെലിസിറ്റേഷൻ സെന്റർ, സോളാർ പ്ലാന്റ്, സ്വീവേജ് പ്ലാന്റ് തുടങ്ങിയവയും മഠത്തിലേക്ക് കവാടവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും വിവിധ കേന്ദ്രങ്ങളിലായി 39.07 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആദ്യഘട്ടം. ഐ.ടി.ഡി.സിക്കാണ് പദ്ധതി നിർവഹണ ചുമതല..