തിരുവനന്തപുരം: പേട്ട പാൽക്കുളങ്ങര കവറടിയിലുണ്ടായ ആർ.എസ്.എസ് - ഡി.വൈ.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവർത്തകരെ വഞ്ചിയൂർ പൊലീസ് അറസ്റ്റുചെയ്‌തു. പാൽക്കുളങ്ങര സ്വദേശികളായ സതീഷ് കുമാർ (28)​, വിഷ്‌ണു രാധാകൃഷ്ണൻ (28)​ എന്നിവരാണ് അറസ്‌റ്റിലായത്. സംഘർഷ​ത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ദിനീത്,​ ഷാരോൺ എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇവരെ പാൽക്കുളങ്ങരയിൽ നിന്ന് അറസ്റ്റുചെയ്‌തത്. സതീഷ് കുമാറിനെയും വിഷ്‌ണു രാധാകൃഷ്ണനെയും റിമാൻഡ് ചെയ്‌തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ ആർ.എസ്.എസ് പാൽക്കുളങ്ങര ബസ്‌തികാര്യവാഹ് നിർമ്മാല്യത്തിൽ ഷാജി (35),​ ശാഖാ മുഖ്യശിക്ഷക് ശ്യാം(27) എന്നിവർക്ക് വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ആക്രമിച്ച കേസിൽ ദിനീതിനെയും ഷാരോണിനെയും പൊലീസ് സംഭവദിവസം തന്നെ അറസ്റ്റുചെയ്‌തിരുന്നു.