തിരുവനന്തപുരം: ഇടതുമുന്നണി ഉഭയകക്ഷി ചർച്ചകളിലേക്കു കടക്കാനൊരുങ്ങവേ നാല് സിറ്റിംഗ് സീറ്റുകളും വിട്ടുകൊടുക്കേണ്ടെന്ന് സി.പി.ഐ നിലപാടെടുത്തു. ഇന്നത്തെ എൽ.ഡി.എഫ് യോഗത്തിനു ശേഷം വിവിധ പാർട്ടികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ മൂന്നു ദിവസങ്ങളിലായി നടക്കും.
തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നിവയാണ് സി.പി.ഐയുടെ സിറ്റിംഗ് സീറ്റുകൾ. തിരുവനന്തപുരം മറ്റേതെങ്കിലും സീറ്റുമായി വച്ചുമാറണമെന്ന ആലോചനകൾ പല തലങ്ങളിൽ ഉണ്ടായെങ്കിലും, അത്തരം നീക്കം നന്നാവില്ലെന്ന വിലയിരുത്തലിൽ നേതൃത്വം എത്തിച്ചേരുകയായിരുന്നു. ഇന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവും നാളെ സംസ്ഥാന കൗൺസിലും ചേരുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ പൊതുവായ ഒരുക്കങ്ങളും ഇടതു മുന്നണി മേഖലാ ജാഥകളുടെ ഒരുക്കവുമായിരിക്കും ഈ യോഗങ്ങൾ ചർച്ച ചെയ്യുക.
മാർച്ച് ആദ്യം പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സ്ഥാനാർത്ഥിനിർണയവും പൂർത്തിയാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മാർച്ച് ആദ്യം ചേരുന്ന സി.പി.ഐ ദേശീയ നേതൃയോഗങ്ങളിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാവും അന്തിമസ്ഥാനാർത്ഥി പട്ടിക. മാർച്ച് 3, 4 തീയതികളിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തോടെ സി.പി.എമ്മും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കും. സി.പി.എമ്മിനും സി.പി.ഐക്കും പുറമേ ജനതാദൾ-എസിനായിരുന്നു കഴിഞ്ഞതവണ ഒരു സീറ്റ്- കോട്ടയം. ജെ.ഡി.എസിന് സീറ്റ് നൽകുന്നതടക്കമുള്ള കാര്യങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് അന്തിമമായി തീരുമാനിക്കുക.
പുതുതായി എത്തിയ ലോക്‌താന്ത്രിക് ജനതാദളും വടകര മോഹിച്ചു നിൽപുണ്ട്. മൂന്ന് എം.എൽ.എമാരുള്ള ജെ.ഡി.എസിനെ തഴഞ്ഞ് എൽ.ജെ.ഡിക്ക് സീറ്റ് നൽകാനുള്ള സാദ്ധ്യത വിരളമാണ്. ജനാധിപത്യ കേരള കോൺഗ്രസ് പത്തനംതിട്ട, കോട്ടയം, ചാലക്കുടി സീറ്റുകളിലൊന്ന് ആഗ്രഹിക്കുന്നുണ്ട്. ഉഭയകക്ഷി ചർച്ചയിൽ മുന്നണി നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രം ഈ ആഗ്രഹം അറിയിച്ചാൽ മതിയെന്നാണ് ജനാധിപത്യ കേരള കോൺഗ്രസിലെ ധാരണ. ഇടുക്കിയിലെ ചില മേഖലകൾ കൂടി ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിച്ചാൽ ഗുണമാകുമെന്ന ചിന്ത മുന്നണിയിൽ പലർക്കുമുണ്ട്. കോട്ടയത്ത് മാണിവിരുദ്ധ വികാരം മുതലാക്കാൻ ഫ്രാൻസിസിന്റെ സ്ഥാനാർത്ഥിത്വം ഉപകരിക്കുമെന്ന് കരുതുന്നവരുമുണ്ട്. എൻ.സി.പിയും പത്തനംതിട്ട നേരത്തേ ചോദിച്ചിരുന്നെങ്കിലും അവർ അതിൽ ഉറച്ചുനിൽക്കുമോയെന്ന് വ്യക്തമല്ല. പത്ത് ഘടകകക്ഷികൾക്ക് പുറമേ, പുറത്ത് സഹകരിച്ചു നിൽക്കുന്നവരുമായും നേതൃത്വം ഈ ദിവസങ്ങളിൽ ചർച്ച നടത്തും.