തിരുവനന്തപുരം: പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിറുത്താതെ പോയ ബൈക്കിനെ തേടി പൊലീസ് അന്വേഷണം ശക്തമാക്കി. സി.സി ടിവിയുടെ കണ്ണിൽപ്പെടാതെ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നു അപ്രത്യക്ഷമായ ബൈക്കാണ് പൊലീസിന് തലവേദനയായിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. സ്റ്റാച്യുവിൽ നിന്ന് പാളയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിന് പിന്നിൽ അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ സുനിലിനെ (51) പൊലീസുകാരും നാട്ടുകാരും ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ബൈക്കിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെയും പരിശോധന തുടർന്നു. റിവോൾവിംഗ് കാമറ ആയതിനാലാണ് ചിത്രം ലഭിക്കാത്തതെന്നും സമീപത്തുള്ള മറ്റ് കാമറകൾ പരിശോധിച്ച് വരികയാണെന്നും കന്റോൺമെന്റ് പൊലീസ് അറിയിച്ചു. അതേസമയം പരിക്കേറ്റയാൾക്ക് പരാതിയില്ലെന്ന് അറിയിച്ചതായും പൊലീസ് പറഞ്ഞു.