india-vs-new-zealand
INDIA VS NEW ZEALAND

ഹാമിൽട്ടൺ : കിവീസ് പര്യടനത്തിലെ ട്വന്റി-20 പരമ്പര അടിയറവ് വച്ച് ഇന്ത്യ മടങ്ങുന്നു. ഇന്നലെ ഹാമിൽട്ടണിൽ നടന്ന മൂന്നാം മത്സരത്തിൽ നാല് റൺസിന് തോറ്റതോടെയാണ് കിവികൾ 2-1 ന് ട്വന്റി-20 പരമ്പര സ്വന്തമാക്കിയത്. ഏകദിനപരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കിയിരുന്നു.

നാലാം ഏകദിനത്തിൽ 92 റൺസിന് ആൾ ഔട്ടായി നാണം കെട്ടിരുന്ന ഹാമിൽട്ടണിലായിരുന്നു ഈ പര്യടനത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ തോൽവിയും. ഇന്നലെ ടോസ് നേടിയിട്ടും ഇന്ത്യ ആതിഥേയരെ ആദ്യ ബാറ്റിംഗിന് ക്ഷണിച്ചു. അവർ നിശ്ചിത 20 ഓവറിൽ 212/4 എന്ന കൂറ്റൻ സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 208/6 എന്ന സ്കോറിലേ എത്താനായുള്ളൂ.

ഓപ്പണർമാരായ കോളിൻ മൺഡ്രോയുടെയും (40 പന്തിൽ 72), സീഫർട്ടിന്റെയും (25 പന്തിൽ 43) മികച്ച ബാറ്റിംഗാണ് കിവികളെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന് ഓപ്പണിംഗിൽ 46 പന്തുകളിൽ നിന്ന് അടിച്ചുകൂട്ടിയത് 80 റൺസാണ്. സീഫർട്ട് മൂന്ന് വീതം ഫോറും സിക്സും പറത്തിയപ്പോൾ മൺഡ്രോ അഞ്ചു വീതം സിക്സും ഫോറും പറത്തി. ഇവർ നൽകിയ അടിത്തറയിൽ നിന്ന് ക്യാപ്ടൻ കേൻ വില്യംസണും (21 പന്തിൽ 27), കോളിൻ ഡി ഗ്രാൻഡ് ഹോമും (16 പന്തിൽ 30), മിച്ചലും (11 പന്തിൽ പുറത്താകാതെ 19), ടെയ്ലറും (7 പന്തിൽ പുറത്താകാതെ 14) ചേർന്ന് 200 റൺസിന് മുകളിലുള്ള ടീം ടോട്ടലിലേക്ക് എത്തിച്ചു. ഇന്ത്യൻ ബൗളിംഗിൽ നാലോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് മാത്രമാണ് തിളങ്ങിയത്. (കുനാൽ പാണ്ഡ്യ നാലോവറിൽ 54 റൺസും ഹാർദിക പാണ്ഡ്യ 44 റൺസും നൽകിയെങ്കിലും വിക്കറ്റ് നേടാനായില്ല. ഓരോ വിക്കറ്റ് നേടിയെങ്കിലും ഖലീൽ 47റൺസും ഭുവനേശ്വർ 37 റൺസും വഴങ്ങി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് ഒാപ്പൺ ശിഖർ ധവാനെ (5) ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും വിജയ് ശങ്കർ (28 പന്തുകളിൽ 43), രോഹിത് ശർമ്മ (32 പന്തുകളിൽ 38) രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പ്രതീക്ഷ പകർന്നതാണ്. ഒൻപതാം ഓവറിൽ ടീം സ്കോർ 81ൽ വച്ച് വിജയ് ശങ്കറും 13-ാം ഓവറിൽ 121ൽ വച്ച് ഋഷഭ് പന്തും (12 പന്തുകളിൽ 28) വീണത് ഇന്ത്യയെ ബാക്ക് ഫുട്ടിലാക്കി. വന്നപാടെ സിക്സടിച്ച ഹാർദിക് പാണ്ഡ്യയും (21), ധോണിയും (2) ടീം സ്കോർ 145ൽ വച്ച് മടങ്ങിയപ്പോൾ പ്രതീക്ഷ മുഴുവൻ ദിനേഷ് കാർത്തിക്കിലും (16 പന്തിൽ 33 നോട്ടൗട്ട്), ക്രുനാൽ പാണ്ഡ്യയിലുമായി (13 പന്തിൽ 26). എന്നാൽ അവർക്ക് 208/6 എന്ന സ്കോറിലേ ടീമിനെ എത്തിക്കാനായുള്ളൂ.

ലാസ്റ്റ് ഓവറിൽ സംഭവിച്ചത്

# അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 16 റൺസ്. ക്രീസിൽ ദിനേഷ് കാർത്തിക്കും ക്രുനാൽ പാണ്ഡ്യയും. ടിം സൗത്തിയായിരുന്നു ബൗളർ.

# ആദ്യ പന്തിന് കാർത്തിക് 2 റൺസ് നേടി.

# അടുത്ത രണ്ട് പന്തുകളിലും റൺസ് നേടാനായില്ല.

# നാലാം പന്തിൽ കാർത്തിക്കും അഞ്ചാം പന്തിൽ ക്രൂനാലും സിംഗിളുകൾ നേടി. ഇതോടെ ജയിക്കാൻ ഒരു പന്തിൽ 12 റൺസ് ആയി.

# ലാസ്റ്റ് പന്ത് വൈഡായി. റീ ബാളിൽ ദിനേഷ് സിക്സടിച്ചു. കളിയും പരമ്പരയും കിവീസിന്.

സ്കോർ ബോർഡ്

ടോസ് : ഇന്ത്യ

ന്യൂസിലൻഡ് ബാറ്റിംഗ് : സീഫർട്ട് സ്റ്റംപ്ഡ് ധോണി ബി കുൽദീപ് യാദവ് 43, മൺറോ സി ഹാർദിക് ബി കുൽദീപ് 72, കേൻ വില്യംസൺ സി കുൽദീപ് ബി ഖലീൽ 27, ഗ്രാൻഡ് ഹോം സി ധോണി ബി ഭുവനേശ്വർ 30, മിച്ചൽ നോട്ടൗട്ട് 19, ടെയ്ലർ നോട്ടൗട്ട് 14, എക്സ്ട്രാസ് 7, ആകെ 20 ഓവറിൽ 212/4

വിക്കറ്റ് വീഴ്ച : 1-80, 2 -135, 3-150, 4-193.

ബൗളിംഗ് : ഭുവനേശ്വർ 4-0-37-1, ഖലീൽ അഹമ്മദ് 4-0-47-1, ഹാർദിക് 4-0-44-0, ക്രൂനാൽ 4-0-54-0. കുൽദീപ് 4-0-26-2.

ഇന്ത്യ ബാറ്റിംഗ്

ധവാൻ സി മിച്ചൽ ബി സാന്റ്നർ 5, രോഹിത് ശർമ്മ സി സീഫട്ട് ബി മിച്ചൽ 38, വിജയ് ശങ്കർ സി ഗ്രാൻഡ് ഹോം ബി സാന്റ്നർ 43, ഋഷഭ് പന്ത് സി വില്യംസൺ ബി ടിക്നർ 28, ഹാർദിക് സി വില്യംസൺ ബി കുഗ്ളെയിൻ 21, ധോണി സി സൗത്തീ ബി മിച്ചൽ 2, ദിനേഷ് കാർത്തിക് നോട്ടൗട്ട് 33, ക്രൂനാൽ പാണ്ഡ്യ നോട്ടൗട്ട് 26, എക്സ്ട്രാസ് 12,

ആകെ 20 ഓവറിൽ 208/6.

വിക്കറ്റ് വീഴ്ച 1-6 (ധവാൻ), 2-81 (വിജയ്), 3 - 121 (പന്ത്), 4 - 141 (രോഹിത്), 5-145 (ഹാർദിക്), 6-145 (ധോണി).

മാൻ ഒഫ് ദ മാച്ച് മൺറോ.

മാൻ ഒഫ് ദ സിരീസ് സീഫർട്ട്

ഇന്ത്യയുടെ കിവീസ് പര്യടനം

# അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി - 20 കളുമാണ് ഇന്ത്യയുടെ ഈ കിവീസ് പര്യടനത്തിൽ ഉണ്ടായിരുന്നത്.

# ഏകദിന പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ തുടർച്ചയായി ജയിച്ചു. നാലാം മത്സരത്തിൽ തോറ്റെങ്കിലും അഞ്ചാം മത്സരത്തിൽ വീണ്ടും ഇന്ത്യ.

# ആദ്യ ട്വന്റി - 20 യിൽ കിവീസ് 80 റൺസിന് ജയിച്ചു.

# രണ്ടാമത്തേതിൽ ജയിച്ച ഇന്ത്യ പക്ഷേ അവസാന മത്സരം കൈവിട്ടു.

# ട്വന്റി - 20യിൽ ന്യൂസിലൻഡിൽ ഒരു പരമ്പര നേടാൻ ഇതുവരെ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

300 ധോണി

# ട്വന്റി - 20 ഫോർമാറ്റിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കാഡ് ധോണി സ്വന്തമാക്കി.

# ഈ നാഴികക്കല്ല് താണ്ടുന്ന 12-ാമത്തെ അന്താരാഷ്ട്ര താരമാണ് ധോണി.

# 298 മത്സരങ്ങളുമായി രോഹിത് ശർമ്മ ധോണിക്ക് പിന്നിലുണ്ട്.

അവസാനം വരെ പൊരുതി നോക്കിയെങ്കിലും വിജയിക്കാൻ കഴിയാതെ പോയതിൽ നിരാശയുണ്ട്. ട്വന്റി - 20 യിലെ രണ്ട് പരാജയങ്ങളിലും ഇന്ത്യയ്ക്ക് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.

രോഹിത് ശർമ്മ.

വനിതകൾ വീണ്ടും തോറ്റു

ഹാമിൽട്ടൺ : കിവീസിനെതിരായ ട്വന്റി - 20 പരമ്പരയിലെ തുടർച്ചയായി മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തോറ്റു.

ഇന്നലെ ഹാമിൽട്ടണിൽ നടന്ന അവസാന ട്വന്റി - 20 യിൽ രണ്ട് റൺസിനായിരുന്നു ഇന്ത്യൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത കിവി പെൺകാെടികൾ 161/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 159/4 ലൊതുങ്ങി. ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന 62 പന്തുകളിൽ 86 റൺസ് നേടി.