മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള നഗര പോരാട്ടത്തിൽ വിജയം റയലിന്. ഒന്നിനതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച റയൽ അത്‌ലറ്റിക്കോയെ പിന്തള്ളി പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.
അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കാസി മെറോ 16-ാം മിനിട്ടിൽ നേടിയെ ഗോളിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. 25-ാം മിനിട്ടിൽ അന്റോണിനോ ഗ്രീസ്‌മാൻ കളി സമനിലയിലാക്കി. എന്നാൽ 42-ാം മിനിട്ടിലെ റാമോസിന്റെ പെനാൽറ്റി ഗോൾ റയലിന് വീണ്ടും ലീഡ് നൽകി. 74-ാം മിനിട്ടിൽ ഗാരേത്ത് ബെയ്‌ലാണ് റയലിന്റെ മൂന്നാം ഗോൾ നേടിയത്. റയൽ കുപ്പായത്തിൽ ബെയ്‌ലിന്റെ നൂറാം ഗോളായിരുന്നു ഇത്.
22 കളികളിൽ നിന്ന് 50 പോയിന്റുമായി ബാഴ്സലോണയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. റയലിന് 23 മത്സരങ്ങളിൽ നിന്ന് 45 പോയിന്റായി. അത്‌ലറ്റിക്കോയ്ക്ക് 44 പോയിന്റേയുള്ളൂ.
കരുത്തോടെ ലിവർപൂൾ
ലണ്ടൻ : ബേൺമൗത്തിനെതിരായ മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ലിവർപൂൾ ഇംഗ്ളീഷ് പ്രിയർ ലീഗ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. സാഡിയോ മാനേ, വിയനാൽഡം, മുഹമ്മദ് സലാം എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.
ഈ വിജയത്തോടെ ലിവർപൂളിന് 26 മത്സരങ്ങളിൽ നിന്ന് 65 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 62 പോയിന്റാണുള്ളത്.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ആഴ്സനൽ 2-1 ന് ഹഡേഴ്സ് ഫീൽഡിനെ കീഴടക്കി. ഇവോ ബിയും ലക്കാസ്റ്റെയുമാണ് ആഴ്സനലിന്റെ സ്കോർമാർ.