knife_crime

തിരുവനന്തപുരം: ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ആക്രമിച്ച യുവാവിനെ യുവതിയുടെ രണ്ടാം ഭർത്താവ് കുത്തിപ്പരിക്കേല്പിച്ചു. വയറ്റിൽ കുത്തേറ്റ നിലയിൽ റെയിൽവേ ട്രാക്കിന് സമീപത്ത് കണ്ടെത്തിയ യുവാവിനെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യവട്ടം തുണ്ടത്തിന് സമീപം പുല്ലാനിവിളയിൽ സുനീറാ​ണ് (35) ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നെയ്യാർഡാം സ്വദേശിയായ ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് - എഴിന് രാത്രിയാണ് സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായിരുന്ന സുനീർ ഭാര്യയുമായി നിരന്തരം വഴക്കിടുമായിരുന്നു. അടുത്തിടെ ഇയാൾ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ശേഷം മറ്റൊരു വിവാഹം കഴിച്ചു. ഇതിനിടെ യുവതി ഷമീറിനെയും വിവാഹം ചെയ്‌തു. ഇതറിഞ്ഞ സുനീർ ഷമീറില്ലാത്തപ്പോൾ വീട്ടിലെത്തി യുവതിയെയും മക്കളെയും മർദ്ദിക്കുക പതിവായിരുന്നു. സംഭവദിവസം രണ്ട് തവണ സുനീർ യുവതിയുടെ വീട്ടിലെത്തി. രണ്ടാം തവണ വീട്ടിലെത്തിയ സുനീർ കുട്ടികളെ മർദ്ദിച്ചു. ഇതിനിടെ, ഷമീർ എത്തുകയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയുമായിരുന്നു. തർക്കത്തിനിടെ ഷമീർ കത്തിയെടുത്ത് സുനീറിനെ കുത്തി. വയറ്റിൽ കുത്തേറ്റ് ചോര വാർന്ന സുനീർ രക്ഷപ്പെട്ട് റെയിൽവേ ട്രാക്കിന് സമീപമെത്തിയപ്പോൾ കുഴഞ്ഞുവീണു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി സുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുനീർ അപകടനില തരണം ചെയ്‌തിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ മൂത്തകുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.