തിരുവനന്തപുരം:ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി നൽകിയ വിശദീകരണം ദേവസ്വം കമ്മിഷണർ എൻ.വാസു ഇന്നലെ ബോർഡ് സെക്രട്ടറിക്ക് കൈമാറി. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിൽ കത്ത് ചർച്ച ചെയ്തേക്കും.
വിശദീകരണം സംബന്ധിച്ച് കമ്മിഷണർ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിട്ടെല്ലെന്നാണ് അറിയുന്നത്. ബോർഡ് ആവശ്യപ്പെട്ടാൽ അഭിപ്രായം രേഖപ്പെടുത്താമെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്.സാധാരണ നടത്താറുള്ള ശുദ്ധിക്രിയകൾക്ക് മുമ്പാണ് യുവതികൾ കയറിയതെന്നും അതിനുശേഷം ശുദ്ധിക്രിയകൾ നടത്തിയിട്ടില്ലെന്നുമാണ് തന്ത്രി നൽകിയിട്ടുള്ള വിശദീകരണം.
യുവതികൾ ദർശനം നടത്തിയ ശേഷമാണ് ശുദ്ധിക്രിയ നടത്തിയതെന്ന് ബോദ്ധ്യമുണ്ടെന്നും അതിന് ബോർഡിന്റെ അനുമതി ഇല്ലായിരുന്നുവെന്നും ബോർഡ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. തന്ത്രി ഫോണിലൂടെ വിവരങ്ങൾ ധരിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്ത്രിയുടെ നടപടി തെറ്റാണെന്ന അഭിപ്രായമാണ് സർക്കാരിനുമുള്ളത്.