പൂവാർ: ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പൂവാർ ബേക്ക് വാട്ടർ ഇപ്പോൾ മാലിന്യം കെട്ടിക്കിടന്ന് ടൂറിസ്റ്റുകൾക്ക് അടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇവിടെ മാലിന്യം കെട്ടിക്കിടക്കുകയാണ്. വെള്ളത്തിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ നിറച്ച മാലിന്യങ്ങളാണ് ടൂറിസ്റ്റുകളെ ഇവിടേക്ക് വരവേൽക്കുന്നത്. പൊഴിക്കര സന്ദർശിക്കാനെത്തുന്നവർ വലിച്ചെറിയുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഇരുട്ടിന്റെ മറവിൽ ഉപേക്ഷിക്കുന്നതുമാണ് ഇവിടുത്തെ പ്രധാന മാലിന്യങ്ങൾ. ഒപ്പം കെ.വി.എം കനാലിൽ കെട്ടിക്കിടക്കുന്ന മാലിന്യവും തീരത്തേക്ക് ഒഴുകിയെത്താറുണ്ട്. ഇവ ശേഖരിക്കാനോ സംസ്ക്കരിക്കാനോ ഉള്ള സംവിധാനം ഇവിടെയില്ല. കുളത്തൂർ പഞ്ചായത്തിന്റെ പൊഴിയൂർ, പരുത്തിയൂർ മേഖലയിൽ വൈകിട്ട് വിശ്രമിക്കാനെത്തുന്നവർ നിരവധിയാണ്. ചെറുകിട കച്ചവടക്കാർ നൽകുന്ന ഫാസ്റ്റുഫുഡ്ഡുകൾ കഴിച്ചതിനുശേഷം മാലിന്യം ഉപേക്ഷിക്കുന്നത് ഈ ബേക്ക് വാട്ടറിലേക്കാണ്. ഈ മാലിന്യം ഒരു സ്ഥലത്ത് ശേഖരിക്കാനുള്ള സംവിധാനമൊരുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാൽ അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗമായ അഗസ്ത്യാർകൂടത്തിൽ നിന്നും 56 കി.മീ ദൂരം സഞ്ചരിച്ചാണ് നെയ്യാർ നദി അറബിക്കടലിലേക്ക് സംഗമിക്കുന്നത്. ഈ ദൂരമത്രയുമുള്ള മാലിന്യവും വഹിച്ചാണ് നെയ്യാർ പൂവാറിലെത്തുന്നത്. പൂവാർ, കുളത്തൂർ പഞ്ചായത്തുകളുടെ ഭാഗമാണ് പൂവാർ വിനേദ സഞ്ചാര കേന്ദ്രം. ഒരാഴ്ചയോ ചിലപ്പോൾ രണ്ടിൽ കൂടുതൽ ആഴ്ചകൾ കൂടുമ്പോഴാണ് അറബിക്കടിലിലേക്ക് പൊഴിമുറിയുന്നത്. അത്രയും നാൾ ഈ മാലിന്യം ബേക് വാട്ടറിൽ ഒവുകി നടക്കും. പിന്നീട് ഈ മാലിന്യം കടലിലേക്ക് ഒഴുകും. പൂവാറിനെ കുറിച്ച് പഠനം നടത്തുന്നവരും പരിസ്ഥിതി പ്രവർത്തകരും ഈ വിഷയങ്ങൾ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമായിട്ടില്ല.
ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകൾ ശ്രമിച്ചാൽ പോലും വിഷയത്തിൽ പരിഹാരം കാണാൻ കഴിയില്ലെന്നാണ് പരിസ്ഥിതി സ്നേഹികൾ പറയുന്നത്. അതുകൊണ്ട് സർക്കാർ മുൻകൈയേടുത്ത് നെയ്യാറിന്റെ ഉറവിടം മുതൽ സംഗമ സ്ഥാനം വരെ മാലിന്യ മുക്തമാക്കണമെന്നും കുറഞ്ഞ പക്ഷം രണ്ട് പഞ്ചായത്ത് മേഖലയിലും മാലിന്യം നിക്ഷേപിക്കാനുള്ള സംവിധാനമെങ്കിലും അടിയന്തിരമായി സജ്ജീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.