നെയ്യാറ്റിൻകര: തെക്കിന്റെ കൊച്ചു പാദുവ എന്നറിയപ്പെടുന്ന നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ തീർഥാടന കോന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീർഥാടനം 19ന് തുടങ്ങും. 19ന് രാവിലെ കൊച്ചുപളളിയിൽ നടക്കുന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപത്തിലെ കിരീടം ചാർത്തൽ ശുശ്രൂഷയ്ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി യുജിൻ എച്ച് പെരേര മുഖ്യ കാർമ്മികത്വം വഹിക്കും. വൈകിട്ട് നടക്കുന്ന തീർഥാടന സൗഹൃദ സന്ധ്യ മന്ത്രി കടകം പളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാ സഭ പരമാദ്ധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. റിച്ചാർഡ് ഹെ എം.പി മുഖ്യ സന്ദേശം നൽകും. ശ്രീനാരായണ ധർമ്മ സംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ബാലരാമപുരം വലിയ പളളി ഇമാം അൽഹാജ് പാച്ചല്ലൂർ അബ്ദുൾ സലിം മൗലവി തുടങ്ങിയവർ സംസാരിക്കും. രാത്രി 10ന് ഇടവക വികാരി ഫാ. ജോയിമത്യൂസിന്റെ മുഖ്യ കാർമ്മികത്വത്തിൽ തീർഥാടന കൊടിയേറ്റ് നടക്കും. തിരുനാൾ ദിനങ്ങളിൽ പാറശാല രൂപത മെത്രാൻ ഡോ. തോമസ് മാർ യൗസേബിയോസ്, പത്തനംതിട്ട രൂപതാ മെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ്, തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് തുടങ്ങിയവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. മാർച്ച് 1ന് ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം. 2ന് ചപ്രപ്രദക്ഷിണം. തീർഥാടന സമാപന ദിനമായ മാർച്ച് 3ന് രാവിലെ 9.3ന് നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി.