cc

നെയ്യാറ്റിൻകര : കേരളത്തിലെ നീതി നിഷേധത്തിനെതിരെയുള്ള ആദ്യ ചുവടുവയ്പായിരുന്നു ശ്രീനാരായണ ഗുരുദേവൻ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയനിലെ കരിങ്ങാലുംമൂട് ശാഖയിൽ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും ശ്രീനാരായണ ധർമ്മസംഘവും ഒത്തുചേർന്ന് പ്രവർത്തിക്കുന്ന ഈ കാലഘട്ടം ഓരോ ശ്രീനാരായണീയർക്കും അഭിമാന മുഹൂർത്തമാണ്. സാമൂഹ്യ നീതിനിഷേധം ഭരണകർത്താക്കൾ ഇപ്പോഴും തുടരുന്നുണ്ട്. അതിൽ നിന്നു മോചനം ലഭിച്ച് സാമൂഹ്യപരമായ പുരോഗതി കൈവരിക്കണമെങ്കിൽ സംഘടിത ശക്തിയാകണം. അതിനായുള്ള തീവ്രശ്രമങ്ങൾ യോഗം പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

പുതിയ ശാഖാ ഹാളിന്റെ ഉദ്ഘാടനവും തുഷാർ നിർവഹിച്ചു. നെയ്യാറ്റിൻകര യൂണിയൻ വൈസ് പ്രസിഡന്റും ശാഖാ ചെയർമാനുമായ കിരൺചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ സംഘടനാ സന്ദേശവും യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ മുഖ്യ പ്രഭാഷണവും നടത്തി. ശാഖാ അംഗങ്ങൾക്കുള്ള പെൻഷൻ, സാമൂഹ്യക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നിർദ്ധനയായ ഒരു യുവതിയുടെ വിവാഹം നടത്താനുള്ള സ്വർണവും പണവും ചടങ്ങിൽ നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ

യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ എസ്.കെ. അശോക് കുമാർ അനുമോദിച്ചു.

റിട്ട. സബ് ജഡ്ജ് കെ.ധർമ്മജൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വൈ.എസ്. കുമാർ,സി.കെ. സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അൻസജിത റസൽ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കരമന ജയൻ, തെറ്റിയാറ സുഗതൻ, ശിവകുമാർ, സുധ എന്നിവർ സംസാരിച്ചു. ശാഖാ കൺവീനർ ബിനോജ് മുടക്കുവട്ടം സ്വാഗതവും അനി നാരായണപുരം നന്ദിയും പറഞ്ഞു.