bjp

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് ഔപചാരിക തുടക്കം കുറിച്ച് ബി.ജെ.പി. ഇന്നു മുതൽ മാർച്ച് രണ്ടു വരെ രാജ്യമാകെ സംഘടിപ്പിക്കുന്ന ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് കേരളത്തിലെ പരിപാടികൾ. യു,​പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്‌ച പത്തനംതിട്ടയിലും,​ പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ 22-ന് പാലക്കാട്ടും വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും. ബൂത്ത്തല പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കുമെന്നും സംസ്ഥാന വക്താവ് എം.എസ്.കുമാർ വാർത്താസമ്മേളത്തിൽ പറഞ്ഞു.

'എന്റെ കുടുംബം ബിജെപി കുടുംബം' എന്ന പേരിൽ പ്രവർത്തകരുടെ വീടുകളിൽ പാർട്ടി പതാക ഉയർത്തൽ, സ്റ്റിക്കർ പതിക്കൽ പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ കോഴിക്കോട്ടെ വീട്ടിൽ ഇന്നു നടക്കും. വ്യാഴാഴ‌്ച പത്തനംതിട്ടയിൽ എത്തുന്ന യോഗി ആദിത്യനാഥ് തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ലോക്‌സഭാ മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗത്തിലും പത്തനംതിട്ടയിൽ,​ വോട്ടർപട്ടികയിലെ ഓരോ പേജിൽ ഉൾപ്പെടുന്ന വീടുകളിലെയും പ്രചാരണചുമതല വഹിക്കുന്ന പേജ് പ്രമുഖ്‌മാരുടെ യോഗത്തിലും പങ്കെടുക്കും.

22ന് പാലക്കാട് എത്തുന്ന അമിത് ഷാ ആലത്തൂർ, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ 26ന് 'കമൽജ്യോതി പ്രതിജ്ഞ' സംഘടിപ്പിക്കും. 28-നാണ് മോദി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കുക. യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ മാർച്ച് രണ്ടിന് ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന ബൈക്ക് റാലി ജില്ലാതലങ്ങളിൽ സംഘടിപ്പിക്കും.ശബരിമല കർമ്മസമിതിയുടെ പരിപാടികൾക്ക് ബി.ജെ.പി പിന്തുണ നൽകുമെന്നും എം.എസ്.കുമാർ പറഞ്ഞു.

പണ്ഡിറ്റ് ദീനദയാൽ സ്മൃതിദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികൾ 15-ന് സമാപിക്കും.