കേരളത്തിന്റെ തനതു സംഭാവനയായ കുടുംബശ്രീയും അയൽക്കൂട്ടങ്ങളും സ്ത്രീശാക്തീകരണരംഗത്ത് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ വളരെ വലുതാണ്. സംസ്ഥാനത്ത് രണ്ടേമുക്കാൽ ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഈ പെൺകൂട്ടായ്മ ഇതിനകം സൃഷ്ടിച്ച സാമ്പത്തിക വിപ്ളവം ലോകരാജ്യങ്ങൾക്കുവരെ പഠനവിഷയമാണ്. ഒരു ബ്രാൻഡ് എന്ന നിലയിൽ വരെ കുടുംബശ്രീ വളർന്നിരിക്കുന്നു. അനവധി പുതുസംരംഭങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തിലും സഹകരണത്തിലും ജന്മമെടുത്തു കൊണ്ടിരിക്കുന്നത്. അദ്ധ്വാനശക്തിയിലൂടെ പല മേഖലകളും കൈപ്പിടിയിലൊതുക്കുന്നു. ആയിരക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്നു. സ്ത്രീകൾക്ക് ഋണബാദ്ധ്യതയിൽ നിന്ന് മോചനം നൽകുന്നതിലും കുടുംബശ്രീ യൂണിറ്റുകൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
കുടുംബശ്രീയിൽപ്പെട്ടവർക്ക് വായ്പ ലഭിക്കാൻ വളരെ എളുപ്പമാണ്. പരസ്പര ജാമ്യത്തിൽ വായ്പ ലഭിക്കുമെന്നത് സാധാരണ കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാണ്. പെട്ടെന്നുണ്ടാകുന്ന ഗാർഹിക ആവശ്യങ്ങൾ നിറവേറ്റാൻ പലർക്കും ഇന്നു കഴിയുന്നത് ഇത്തരം സംവിധാനങ്ങളിലൂടെയാണ്. സംസ്ഥാനത്ത് ആഴത്തിൽ വേരൂന്നിക്കഴിഞ്ഞ കുടുംബശ്രീ പ്രസ്ഥാനത്തിനു വായ്പ നൽകാൻ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഇക്കാലത്ത് ഒരു മടിയുമില്ല. കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നതുകൊണ്ടാണിത്. അൻപതുലക്ഷം പേരാണ് അയൽക്കൂട്ടങ്ങളിലുള്ളതെന്നതിനാൽ അതിന്റെ പ്രവർത്തനപരിധി അതിവിപുലമാണ്. കുടുംബശ്രീ യൂണിറ്റുകൾക്ക് ഉദാരമായി വായ്പ നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്ന ഘടകവും ഇതാണ്.
നടപ്പുവർഷം സംസ്ഥാന ബഡ്ജറ്റിൽ 2500 കോടി രൂപയാണ് കുടുംബശ്രീക്കായി നീക്കിവച്ചത്. പുതിയ ബഡ്ജറ്റിൽ ഇതിലധികമാണ് വിഹിതം. അയൽക്കൂട്ടങ്ങൾ വഴി സ്ത്രീകളിലെത്തേണ്ട ഈ പണം സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉപകരിക്കുന്നുണ്ടെന്നുള്ളതിൽ തർക്കമില്ലെങ്കിലും കൂടുതൽ ക്രിയാത്മകമായി വായ്പാ വിനിയോഗം ഉറപ്പാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയിരിക്കുന്നത് ശരിയായ ദിശയിലുള്ള കാൽവയ്പാണ്.
കുടുംബശ്രീയിൽപെട്ടവരുടെ വരുമാന മാർഗം, നിക്ഷേപം, ചെലവ്, വായ്പാ ബാദ്ധ്യത, വായ്പാവിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് പ്രവർത്തനം കൂടുതൽ ശക്തമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് ഉദ്ദേശ്യം. നാടെങ്ങും സാന്നിദ്ധ്യമുള്ള അയൽക്കൂട്ടങ്ങൾ വഴിയാകും വിവരശേഖരണം നടത്തുക. കുടുംബശ്രീ വഴി തരപ്പെടുത്തുന്ന വായ്പകളുടെ വിനിയോഗം യഥാർത്ഥ ആവശ്യങ്ങൾക്കു തന്നെയാണോ നടക്കുന്നതെന്ന് ആരും നോക്കാറില്ല. ഒരു കണക്കിൽ അതിന്റെ ആവശ്യവുമില്ല. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടോ എന്നു മാത്രം ഉറപ്പാക്കിയാൽ മതി. അതേസമയം പലവഴിക്കും വായ്പകൾ ലഭ്യമാകാൻ മാർഗം തെളിയുമ്പോൾ ആവശ്യമുള്ളതിനും ഇല്ലാത്തതിനും വായ്പ എടുത്ത് കടക്കെണിയിൽ പെടുന്നവരുടെ കാര്യവും പരിഗണിക്കപ്പെടേണ്ടതുണ്ട്. വായ്പയെടുത്ത് ആ പണം വട്ടിപ്പലിശയ്ക്ക് നൽകുന്നവരുണ്ട്. കുടുംബശ്രീയുടെ ലക്ഷ്യത്തിനു വിരുദ്ധമായ ഇത്തരം പ്രവണതകൾ നിരുത്സാഹപ്പെടുത്തുകതന്നെ വേണം. അയൽക്കൂട്ടങ്ങളിലൂടെ നടത്തുന്ന വിവരശേഖരണം ഒരിക്കലും വഴിതെറ്റാതെ നോക്കുകയും വേണം. തെറ്റായ സന്ദേശം നൽകുംവിധമാകരുത് ഇതിനുള്ള പ്രവർത്തനങ്ങൾ. അയൽക്കൂട്ടത്തിലെ അംഗങ്ങൾ പരസ്പരം അറിയുന്നവരും അയൽക്കാരുമൊക്കെ ആയതിനാൽ വിവരശേഖരണം വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്ന വിധത്തിലാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കടക്കെണി പല സാധാരണ കുടുംബങ്ങളെയും തീവ്രമായി അലട്ടുന്ന ഗുരുതര പ്രശ്നമാണ്. വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ ജീവിതത്തിനുതന്നെ വിരാമമിടേണ്ടിവരുന്നവരും നിരവധിയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഈ ഗണത്തിൽപ്പെടുന്നവർ കുറവാണെങ്കിലും തീരെ ഇല്ലെന്നു പറയാനാവില്ല. ഇടുക്കിയിലും വയനാട്ടിലുമൊക്കെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കുടുംബശ്രീ പ്രസ്ഥാനം ഗ്രാമീണ ജനതയെ ഋണബാദ്ധ്യതയിൽ നിന്നു മോചിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ക്ളേശരഹിതമായ വായ്പാ സഹായം തൊട്ടടുത്തുതന്നെ ഉള്ളതിനാൽ പല കുടുംബങ്ങൾക്കും അന്തസോടെ തലയുയർത്തി നടക്കാനുള്ള സാഹചര്യവും ഉണ്ട്.
കുടുംബശ്രീയുടെ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കുടുംബശ്രീ ബസാർ ഓൺലൈൻ ഭീമന്മാരായ ആമസോണുമായി സഹകരിക്കാൻ ഒരുങ്ങുകയാണ്. ഇതു സംബന്ധമായ കരാർ ഈ മാസം 27ന് ഒപ്പിടും. കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന അഞ്ഞൂറിലധികം ഉത്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നൂറ്റിപ്പത്ത് ഉത്പന്നങ്ങളാകും ആമസോൺ വഴി ലഭ്യമാക്കാനുദ്ദേശിക്കുന്നത്. നാടൻ ഉത്പന്നങ്ങളോട് കമ്പമുള്ളവർ ലോകത്തെവിടെയും ഉണ്ട്. കൃത്രിമങ്ങളില്ലാത്ത ഏത് ഉത്പന്നത്തോടും ആളുകൾക്ക് പ്രത്യേക പ്രതിപത്തിയുണ്ട്. ശരിയായ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ഗ്രാമോത്പന്നങ്ങൾക്ക് എവിടെയും വിപണി കണ്ടെത്താനാവും. കുടുംബശ്രീയുടെ പുതുസംരംഭത്തിനും മികച്ച സ്വാഗതം ലഭിക്കാതിരിക്കില്ല.