ldf

 തെക്കൻ മേഖലാ ജാഥ 14 നും വടക്കൻ മേഖലാ ജാഥ 16 നും തുടങ്ങും

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് എൽ.ഡി.എഫ് ഉഭയകക്ഷി ചർച്ച തുടങ്ങി. മുന്നണിയിൽ പുതുതായി ഉൾപ്പെടുത്തിയ ഐ.എൻ.എൽ,​ ജനാധിപത്യ കേരള കോൺഗ്രസ് കക്ഷികളുടെ പ്രതിനിധികളുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഇന്നലെ എ.കെ.ജി സെന്ററിൽ കൂടിക്കാഴ്‌ച നടത്തി. മുന്നണി യോഗത്തിനു ശേഷമായിരുന്നു കൂടിക്കാഴ്‌ച. ഘടകകക്ഷികളെല്ലാം സ്വാഭാവികമായും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് (ബി) അറിയിച്ചിട്ടുണ്ട്. ജനതാദൾ (എസ്) കോട്ടയം സീറ്രിൽ താത്പര്യം പ്രകടിപ്പിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിൽ വരും. എൻ.സി.പി സീറ്രിനായി കത്തു നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പല പാർട്ടികളും താത്പര്യം അറിയിച്ചിട്ടുണ്ട് എന്നായിരുന്നു കൺവീനറുടെ മറുപടി. 10 ഘടകകക്ഷികളുണ്ടെങ്കിലും സീറ്റ് വിഭജനത്തിൽ പ്രയാസമുണ്ടാകില്ല. തിരഞ്ഞെടുപ്പു വിജയം ഉറപ്പാക്കും വിധമാവും ചർച്ചകൾ- അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിനപ്പുറമുള ചില ഒറ്റപ്പെട്ട സംഭവങ്ങളും വിശ്വാസി- അവിശ്വാസി പ്രശ്നങ്ങളും മുൻനിറുത്തി വലതുപക്ഷ കേന്ദ്രീകരണത്തിന് ശ്രമം നടക്കുന്നുണ്ട്. തീവ്ര വർഗീയതയ്ക്കൊപ്പം മോദി സർക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാടും തിരഞ്ഞെടുപ്പിൽ ചർച്ചയാകണമെന്നും എ. വിജയരാഘവൻ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫിന്റെ തെക്കൻ മേഖലാ ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് പൂജപ്പുരയിൽ സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയും,​ കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ 16 ന് കാസർകോട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയും ഉദ്ഘാടനം ചെയ്യും.തൃശൂരിൽ ജാഥകൾ സമാപിക്കുന്ന മാർച്ച് രണ്ടിന് മഹാറാലിയോടെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.