തിരുവനന്തപുരം: നഗരത്തെ സ്ത്രീ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി തലസ്ഥാനത്ത് വീണ്ടും ഷീ ലോഡ്‌ജ് ഉയരുന്നു. നിവാസമെന്ന പേരിൽ കഴക്കൂട്ടത്ത് നിർമ്മിക്കുന്ന നഗരസഭയുടെ രണ്ടാമത്തെ ഷീ ലോഡ്‌ജിന് മേയർ വി.കെ. പ്രശാന്ത് കഴക്കൂട്ടം സോണൽ ഓഫീസ് പരിസരത്ത് ഇന്നലെ തറക്കല്ലിട്ടു. രണ്ട് വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച ശ്രീകണ്‌ഠേശ്വരത്ത് നഗരത്തിലെ ആദ്യ ഷീ ലോഡ്‌ജ് തുറന്നിരുന്നു. ചടങ്ങിൽ സിനിമാ താരം പ്രേംകുമാർ, അസിസ്റ്റന്റ് എൻജിനിയർ രാജീവ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ്‌റോയി, ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ധർമ്മപാലൻ, മുൻ വൈസ് പ്രസിഡന്റ് ബാബുക്കുട്ടൻ, മുൻ പഞ്ചായത്ത് അംഗം നവാസ്, അനിൽകുമാർ, ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു. ഐ.ടി നഗരമായ കഴക്കൂട്ടത്ത് ഉയർന്ന വാടക നൽകി വീടുകളിലും ഫ്ളാറ്റുകളിലും താമസിക്കുന്ന ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വനിതാ ജീവനക്കാർക്കും മറ്റ് സ്ഥലങ്ങളിൽനിന്ന് ഇവിടെ താമസിക്കുന്ന വിദ്യാർത്ഥികൾക്കും ലോഡ്‌ജ് ആശ്രയമാകും.