nirbhaya-

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള നിർഭയ ഷെൽട്ടർ ഹോമുകളിലെ സമർത്ഥരായ കുട്ടികൾക്ക് പുതിയ താമസസൗകര്യമൊക്കാൻ 'തേജോമയ ആഫ്ടർ കെയർ ഹോം" പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്.

ഉന്നതവിജയത്തോടെ സ്‌കൂൾ പഠനം പൂർത്തിയാക്കിയവർക്ക് പുതിയ താമസ സൗകര്യം ഒരുക്കുന്നതിനുള്ള 'തേജോമയ" പദ്ധതിക്കായി തുകയും അനുവദിച്ചു.

വിവിധ പ്രായക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, മിടുക്കരായ വിദ്യാർത്ഥികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, മാനസികാഘാതമുള്ളവർ എന്നിങ്ങനെയുള്ളവരെല്ലാം ഒന്നിച്ചാണ് നിർഭയ ഷെൽട്ടർ ഹോമുകളിലുള്ളത്. ഇതുവഴിയുള്ള ബുദ്ധിമുട്ട് പരിഹരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേക പരിചരണം നൽകുന്നതിന്റെയും ഭാഗമായാണ് സമർത്ഥരായ കുട്ടികൾക്കായി 'തേജോമയ" ആരംഭിക്കുന്നത്. കുടുംബാന്തരീക്ഷം നിലനിറുത്തി, ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന തരത്തിലാകും 'തേജോമയ"യുടെ പ്രവർത്തനം.

ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായ പെൺകുട്ടികളെയും സ്ത്രീകളെയും പാർപ്പിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളാണ് നിർഭയ ഷെൽട്ടർ ഹോം. കേരളത്തിൽ 12 നിർഭയ ഷെൽട്ടർ ഹോമുകളിലായി 360 ഓളം പേരുണ്ട്. ഇതിൽ 80 ശതമാനത്തിലധികവും 18 വയസിന് താഴെയുള്ളവരാണ്. 18 വയസിന് മുകളിലുള്ളവരുടെ പുനരധിവാസം വെല്ലുവിളിയുള്ളതാണ്. രണ്ട് വർഷത്തിനകം മികച്ച വിദ്യാഭ്യാസവും ചികിത്സയും നൽകി സ്വയം പര്യാപ്തരാക്കി ഇവരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം. പ്രൊഫഷണൽ വിദ്യാഭ്യാസം നടത്തുന്നവരും ജോലിക്ക് പോകുന്നവരും വരെ ഇവിടെയുണ്ട്.

എന്നാൽ വീടുകളിലെ സുരക്ഷിതമില്ലായ്മയും കേസിന്റെ വിധിയിലുള്ള കാലതാമസവും കാരണം ഇവരുടെ മടങ്ങിപ്പോക്ക് വൈകും. ഇത്തരക്കാരെ മികച്ച വിദ്യാഭ്യാസം നൽകി സ്വന്തം കാലിൽ നിറുത്താനുള്ള എല്ലാ സാഹചര്യവും 'നിർഭയ"യിലുണ്ട്.