congress-cpm-allaince

തിരുവനന്തപുരം: ആയുധവും അക്രമ രാഷ്ട്രീയവും ഉപേക്ഷിച്ചാൽ കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാൻ തയാറാണെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ളപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. തങ്ങൾക്കിത് ദഹിക്കാനാവുന്ന നിലപാടല്ലെന്ന് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ പറയുന്നു. മുസ്ലീംലീഗ് പ്രവർത്തകനായ കണ്ണൂരിലെ അരിയൽ ഷുക്കൂറിനെ വിചാരണ ചെയ്തു കൊലപ്പെടുത്തിയ കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി.രാജേഷ് എം.എൽ.എയെയും പ്രതിയാക്കി സി.ബി.ഐ, കോടതിയിൽ കുറ്റപത്രം നൽകിയതോടെ സി.പി.എമ്മുമായി ഒരു തരത്തിലുള്ള സഖ്യത്തിനും സാദ്ധ്യതയില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കൾ.

നേരത്തെ മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി കെ. മുരളീധരൻ രംഗത്ത് എത്തിയതിന് പിന്നാലെ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും ഇതേ നിലപാടുമായി രംഗത്തെത്തി. മുല്ലപ്പള്ളിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ബെന്നി ബഹനാൻ 'ഫ്ളാഷു'മായി സംസാരിക്കുന്നു:

അത് ഇമോഷണൽ പ്രസ്താവന

ദേശീയ തലത്തിലെ നിലവിലെ സ്ഥിതിയുടെ പേരിൽ സഖ്യസാദ്ധ്യത സംബന്ധിച്ച് ചർച്ചയ്ക്ക് തയാറാണെന്ന് സി.പി.എം ഇങ്ങോട്ടല്ലേ വന്നു പറയേണ്ടത്. കെ.പി.സി.സി. പ്രസിഡന്റ് ചിലപ്പോൾ ഇമോഷണൽ ആകും. ദേശീയ തലത്തിലുള്ള കാര്യങ്ങളാണെങ്കിൽ ആ വിധത്തിലാണ് പറയേണ്ടത്. ഇനിയുള്ള ദിവസങ്ങളിൽ വളരെ സൂക്ഷിച്ചേ പ്രതികരിക്കാവൂ. മുല്ലപ്പള്ളിയുടെ നിലപാടിനെ തള്ളുന്നുണ്ടെങ്കിലും അതിപ്പോൾ പരസ്യമായി പറയില്ല. മുല്ളപ്പള്ളി തന്റെ പ്രസ്താവന ക്രമേണ തിരുത്താമെന്നാണ് കരുതുന്നത്.

ശക്തി ലീഗിനുണ്ട്

കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങിയിട്ടില്ല. മുകളിൽ നാഥനുണ്ടെന്ന തോന്നലുണ്ടായിട്ടുണ്ട്. കൂടാതെ ഇവിടെ ഒരു പ്രോസസിംഗ് ഉണ്ടാവും. ഇവിടെ സമവായം ഉണ്ടാക്കിയില്ലെങ്കിലും ഹൈക്കമാൻഡിന്റെ നേരിട്ടല്ലാതെയുള്ള ചില നിർദ്ദേശങ്ങൾ വരും. വിജയസാദ്ധ്യത സ്ഥാനാർത്ഥി നിർണയത്തിന് പ്രധാന ഘടകമാവും. 18 ന് യു.ഡി.എഫിൽ ഉഭയകക്ഷി ചർച്ച തുടങ്ങും. മൂന്നാം സീറ്ര് ചോദിക്കാനുള്ള ശക്തി ലീഗിനുണ്ട്. എന്നാൽ അവർ ദേശീയ സാഹചര്യം മനസിലാക്കി വഴങ്ങുമെന്നാണ് കരുതുന്നത്.

ഉറപ്പിച്ച് പറയാനാവില്ല

കോൺഗ്രസിന്റെ എല്ലാ സിറ്രിംഗ് എം.പിമാർക്കും സീറ്ര് ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാറായിട്ടില്ല. ഇതു സംബന്ധിച്ച വ്യക്തമായ ചിത്രമായിട്ടില്ല.

പരമ്പരാഗത രീതിയിൽ നിന്നും സ്ഥാനാർത്ഥി നിർണയം മാറ്രണം. ചില സോഷ്യൽ എൻജിനീയറിംഗും ഞങ്ങൾ പരിഗണിക്കുന്നുണ്ട്.