തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി. രാജേഷ് എം.എൽ.എയ്ക്കുമെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റം ചുമത്തിയതോടെ, ബംഗാളിലേതിനു സമാനമായി സി.ബി.ഐയുമായി നേർക്കുനേർ പോരിനൊരുങ്ങുകയാണ് സി.പി.എം. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സി.ബി.ഐയെ രാഷ്ട്രീയക്കളിക്ക് ആയുധമാക്കിയെന്നാണ് ആരോപണം.
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കെട്ടുകഥ ചമച്ച സി.ബി.ഐയുടെ പൊള്ളത്തരം തുറന്നുകാട്ടുമെന്നും കുറ്റപത്രത്തെ നിയമപരമായി നേരിടുമെന്നുമാണ് പാർട്ടി പറയുന്നത്. അതേസമയം, സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് സി.ബി.ഐ പറയുന്നു. സി.ബി.ഐക്കും പാർട്ടിക്കുമിടയിലെ പ്രശ്‌നത്തിൽ ഇടപെടാനില്ലെന്ന് സർക്കാർ നിലപാടറിയിച്ചിട്ടുണ്ട്.
തലശേരി റസ്റ്റ്‌ഹൗസ് ക്യാമ്പ് ഓഫീസാക്കി കണ്ണൂരിലെ രാഷ്ട്രീയബന്ധമുള്ള ആറ് കൊലക്കേസുകൾ സി.ബി.ഐ അന്വേഷിക്കുകയാണ്. സി.പി.എം നേതാക്കളെ പ്രതിരോധത്തിലാക്കുന്നതാണ് മിക്ക കേസുകളും. രണ്ടു കേസുകളിൽ പി.ജയരാജൻ പ്രതിയാണ്. കതിരൂർ മനോജ് വധക്കേസിൽ 9 സി.പി.എം പ്രവർത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. തലശേരിയിലെ എൻ.ഡി.എഫ് നേതാവ് ഫസൽ വധക്കേസിൽ സി.പി.എം ജില്ലാനേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും അറസ്റ്റുചെയ്തിരുന്നു. കതിരൂർ മനോജ് വധക്കേസിൽ പി. ജയരാജനടക്കമുള്ള നേതാക്കൾക്കെതിരെ കുറ്റപത്രം നൽകി. എട്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമുയരുന്നുണ്ട്.
പി.ജയരാജനും ടി.വി.രാജേഷും നൽകിയ ഹർജികളിലെ സ്റ്റേ ഉത്തരവ് നീക്കിയെടുത്താണ് തിരുവനന്തപുരം യൂണിറ്റിലെ അഡി.എസ്.പി വൈ.ഹരികുമാറിന്റെ സംഘം ഷുക്കൂർ കേസിൽ കുറ്റപത്രം തയ്യാറാക്കിയത്. പൊലീസ് അന്വേഷിച്ച് വിചാരണ ഘട്ടത്തിലെത്തി നിൽക്കെയാണ്, ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടത്.
വാദവും എതിർവാദവും
പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്തി പൂട്ടിയശേഷം രണ്ടാം ഭാഗമായാണ് ഗൂഢാലോചന അന്വേഷിച്ചതെന്നും ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതാണ് കുറ്റപത്രമെന്നുമാണ് സി.ബി.ഐയുടെ വാദം.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ സി.ബി.ഐയെ കരുവാക്കുന്നെന്ന് സി.പി.എം സാക്ഷികളല്ലെന്ന് കോടതിയിൽ മൊഴിനൽകിയ രണ്ടുപേരെ വീണ്ടും ഉൾപ്പെടുത്തി കെട്ടിച്ചമച്ചതാണ് കുറ്റപത്രം. പുതിയ സാക്ഷികളോ തെളിവുകളോ ഇല്ലാതെ കുറ്റപത്രമുണ്ടാക്കി കള്ളന്മാർക്ക് ചൂട്ടുപിടിക്കുകയാണ് സി.ബി.ഐ.
ഓഫീസിന് തടയിട്ട്
കണ്ണൂരിലെ കേസുകൾ കടുപ്പിച്ചപ്പോൾ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയും പിന്നീട് ക്യാമ്പ് ഓഫീസാക്കാൻ റസ്റ്റ് ഹൗസുകൾ നൽകാതിരിക്കുകയും ചെയ്തിരുന്നു
സി.ബി.ഐക്ക് റസ്റ്റ്ഹൗസുകളിൽ ക്യാമ്പ്ഓഫീസ് തുറക്കാനും താമസിക്കാനും വാടകയീടാക്കേണ്ടെന്ന് 2014 ആഗസ്റ്റിൽ യു.ഡി.എഫ് സർക്കാർ ഇറക്കിയ ഉത്തരവ് എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരുന്നു
മുൻപു പറ്റിയ സൗജന്യങ്ങൾക്കു കൂടി പണം ഈടാക്കാൻ റസ്റ്റ്‌ഹൗസ് മാനേജർമാർക്കു പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിരുന്നു. ഇതോടെ സി.ബി.ഐക്ക് റസ്റ്റ്ഹൗസുകൾ അനുവദിക്കാത്ത സ്ഥിതിയുണ്ടായി