pp-mukundan

തിരുവനന്തപുരം:ലോക്‌സഭയിലേക്ക് തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിനെക്കുറിച്ച് ബി.ജെ.പിയുടെ സമാന ചിന്താഗതിയുള്ള സംഘടനകളുമായി സംസാരിച്ചതായി മുൻ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദൻ വെളിപ്പെടുത്തി.റിബലായല്ല, പാർട്ടി സ്ഥാനാർത്ഥിയായാണ് മത്സരിക്കുകയെന്നും അദ്ദേഹം 'കേരളകൗമുദി'യോട് പറഞ്ഞു.

തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നിരവധി പേരുകൾ ഉയരുന്നതിനിടയിൽ, മുകുന്ദൻ മത്സരതാത്പര്യം പ്രകടിപ്പിച്ചത് പാർട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.ആർ.എസ്.എസിൽ വലിയ സ്വാധീനമുള്ള നേതാവാണ് മുകുന്ദൻ.

പാർട്ടിയിൽത്തന്നെ അടുപ്പക്കാരായ ചിലർ താൻ മത്സരിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും കൂട്ടായ ആലോചനയുടെ ഭാഗമായാണ് മത്സരരംഗത്ത് വരാൻ തീരുമാനിച്ചതെന്നും മുകുന്ദൻ പറയുന്നു. എന്നാൽ പാർട്ടി അംഗത്വമുള്ള പി.പി.മുകുന്ദനോട് സംസ്ഥാന നേതൃത്വത്തിന് അത്ര മമതയില്ല. പാർട്ടിയുമായി ഇടക്കാലത്ത് അകലം പാലിച്ച മുകുന്ദൻ കുമ്മനം രാജശേഖരൻ നേതൃത്വത്തിലെത്തിയപ്പോഴാണ് വീണ്ടും സജീവമാവാൻ ശ്രമിച്ചത്.എന്നാൽ സംസ്ഥാനത്തെ പ്രധാന നേതാക്കളാരും അതിൽ താത്പര്യം കാട്ടിയില്ല.

സ്ഥാനാർത്ഥിയാകുന്നതിനെക്കുറിച്ച് പാർട്ടിയിലെ ആരെങ്കിലും സൂചിപ്പിച്ചോ എന്ന ചോദ്യത്തിന്, സുരേഷ് ഗോപിയുടെയും മോഹൻലാലിന്റെയും പേരുകൾ ചർച്ചയിൽ വന്നത് എങ്ങനെയെന്നായിരുന്നു മുകുന്ദന്റെ മറുചോദ്യം. മുകുന്ദന്റെ നിലപാടിനോട് പ്രതികരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.

 ചർച്ച നടന്നിട്ടില്ല: ബി.ജെ.പി

സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയിട്ടില്ല. ആദ്യം ഘടകക്ഷികളുമായുള്ള സീറ്റുവിഭജന ചർച്ചകൾ പൂർത്തികട്ടെ. പി.പി. മുകുന്ദന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. മുതിർന്ന നേതാക്കൾ ആരെങ്കിലുമായി അദ്ദേഹം സംസാരിച്ചിട്ടുണ്ടോ എന്നറിയില്ല.

- ജെ.ആർ.പത്മകുമാർ,​ ബി.ജെ.പി ഔദ്യോഗിക വക്താവ്