1

പൂവാർ: കേരള വാട്ടർ അതോറിട്ടിയുടെ കരിച്ചൽ പമ്പ്ഹൗസിന്റെ പ്രവർത്തനം അവതാളത്തിലായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. കാഞ്ഞിരംകുളം, കരുംകുളം പഞ്ചായത്തുകളുടെ കടലോര മേഖലയിലും പൂവാർ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നത് ഇവിടെ നിന്നാണ്. എന്നാൽ കുറേ നാളുകളായി പൂവാർ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ല. ആഴ്ചയിൽ ഒരുദിവസമോ മറ്റോ വെള്ളം വന്നാലായി. അതും മിക്കപ്പോഴും ചെളിവെള്ളമാണ് ലഭിക്കുന്നതെന്ന പരാതിയും ബാക്കിയാണ്. വെള്ളം ഫിൽറ്റർ ചെയ്യുന്നതിൽ പലപ്പോഴും ക്ലോറിനേഷൻ മാത്രമായി ഒതുങ്ങും. ദിവസം മൂന്ന് ഷിഫ്റ്റ് പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ട് ഷിഫ്റ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതോടെ കരുംകുളം പഞ്ചായത്തിലെ പരണിയം ടാങ്കിൽ വെള്ളമെത്തുന്നത് ഇപ്പോൾ കുമിളിയിൽ നിന്നാണ്. അതുകൊണ്ടാണ് രണ്ടു ഷിഫ്റ്റ് മാത്രമാക്കിയതെന്നാണ് ജീവനക്കാരുടെ പക്ഷം. കരിച്ചലിൽ മൈക്രോ ഫിൽറ്റർ സംവിധാനവും നാച്വറൽ ഫിൽട്ടറൈസേഷനും ഉപയോഗപ്പെടുത്തിയുള്ള ജല ശുദ്ധീകരണമാണ് നടത്തുന്നത്. ഇതിൽ മൈക്രോ ഫിൽട്ടർ സംവിധാനമാണ് കൂടുതൽ മെച്ചമായിട്ടുള്ളത്. നാച്വറൽ ഫിൽറ്ററേഷൻ നടത്തുന്ന വെള്ളമാണ് പൂവാറിലെ ടാങ്കിലേക്കെത്തുന്നത്. കുമിളി മോഡൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് ഒരിക്കലും വറ്റാത്ത നീരുറവകളെ വേണ്ടുവോളം പ്രയോജനപ്പെടുത്തിയാൽ തിരുവനന്തപുരം നഗരത്തിന്റെ കുടിവെള്ള ക്ഷാമത്തിനു ഉപകാരപ്രദമാകുമെന്നത് ഉറപ്പാണ്.

കരിച്ചൽ കായലോരത്തെ നിലയ്ക്കാത്ത നീരുറവകളെ പ്രയോജനപ്പെടുത്തിയാണ് കരിച്ചൽ പമ്പ് ഹൗസ് പ്രവർത്തനം ആരംഭിച്ചത്. പുത്തൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2013-ൽ ജമീലാ പ്രകാശം മുൻകൈയെടുത്ത് മൈക്രോ ഫിൽറ്റർ സംവിധാനം ഏർപ്പെടുത്തിയത്. ഇപ്പോൾ അതിനും മെയിന്റനൻസ് ആവശ്യമായിരിക്കുന്നെന്നാണ് ജീവനക്കാരുടെ അഭിപ്രായം. ഈ സമയത്തു തന്നെ പ്രവർത്തനം തുടങ്ങിയ നാച്വറൽ ഫിൽറ്ററേഷൻ സംവിധാനത്തിന് കേടു പറ്റുകയും ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ നശിക്കുകയുമായിരുന്നു. ഉപകരണങ്ങൾ കേടായാൽ സമയോചിതമായി മെയിന്റനൻസ് നടത്തുന്നത് പതിവാണ്. എന്നാൽ ഇവിടെ അതുണ്ടായില്ല.