കേരളത്തിലെ ആയൂർവേദവും ഇതര ആയുഷ് ചികിത്സാ സമ്പ്രദായങ്ങളായ യോഗ, പ്രകൃതി ചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയവയും അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാണ്. വിവിധ രോഗങ്ങൾക്കുള്ള ആയൂർവേദ ചികിത്സയ്ക്കും ആരോഗ്യസംരക്ഷണ സൗഖ്യ ചികിത്സാരീതികൾക്കും കേരളത്തെ തേടിയെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. എന്നാൽ അർഹിക്കുന്ന അംഗീകാരത്തോടെ ഈ ചികിത്സാ വിഭാഗങ്ങളെ ലോകത്തിന്റെ മുന്നിലെത്തിയ്ക്കാൻ നമുക്കായിട്ടില്ല. ഈയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ആയുഷ് വിഭാഗങ്ങളുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാ രീതികൾ ലോകമെങ്ങും പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനുമായി 15 മുതൽ 19 വരെ തിരുവനന്തപുരത്ത് ആയുഷ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
ആയൂർവേദം, യോഗ, പ്രകൃതിചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവകളുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാരീതികൾ ലോകമെങ്ങും പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും സാധിക്കുന്നതാണ്. അന്താരാഷ്ട്ര മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സംരംഭകരുമായി കേരളത്തിലെ ആയുഷ്‌മേഖലയ്ക്ക് പരസ്പര സഹകരണത്തിനുള്ള അവസരം സൃഷ്ടിക്കുന്നു. തെളിവധിഷ്ഠിതമായ വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ എന്ന നിലയിൽ ആയുഷിനെ ഉയർത്തികൊണ്ട് വരുന്നതിനുള്ള ശ്രമവും ഉണ്ടാകും. ആയുഷ് ഉത്പന്നങ്ങൾ, ചികിത്സാരീതികൾ, ചികിത്സകർ എന്നിവയുടെ ഗുണനിലവാരം ഉയർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കോൺക്ലേവ് അവസരം സൃഷ്ടിക്കും.
അന്താരാഷ്ട്ര സെമിനാർ, നാഷണൽ ആരോഗ്യ എക്‌സ്‌പോ, ബിസിനസ് മീറ്റ്, എൽ.എസ്.ജി. ലീഡേഴ്‌സ് മീറ്റ്, ആയൂർവേദ, സിദ്ധ, യുനാനി & ഹോമിയോപ്പതി ഔഷധനയം ശില്പശാല, കാർഷിക സംഗമം, ആരോഗ്യവും ആഹാരവും ശില്പശാല, ആയുഷ് ഐക്യദാർഢ്യസമ്മേളനം ആയുഷ് സ്റ്റാർട്ട് അപ് കോൺക്ലേവ് തുടങ്ങിയവയാണ് ആയുഷ് കോൺക്ലേവിലെ ആകർഷകമായ ഇനങ്ങൾ.
ഹെർബൽ ബസാർ, ആയുഷ് ഹെൽത്ത് ട്രാവൽബസാർ എന്നിങ്ങനെ തരം തിരിച്ചാണ് ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്. ഔഷധ നിർമ്മാതാക്കൾക്ക് അവരുടെ മാർക്കറ്റ് വിപുലപ്പെടുത്തുന്നതിന് സഹായകമാണ് ഹെർബൽ ബസാർ. കേരളത്തിലെ വിവിധ ആയൂർവേദ ചികിത്സാസ്ഥാപനങ്ങളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ ടൂർ ഓപ്പറേറ്റർമാരും അന്താരാഷ്ട്ര ആരോഗ്യവിനോദസഞ്ചാര മാദ്ധ്യമപ്രതിനിധികളും പങ്കെടുക്കുന്നതാണ് ആയുഷ് ഹെൽത്ത് ട്രാവൽബസാർ. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഈ സെഷനിൽ അവതരണങ്ങൾ ഉണ്ടാകും. ടൂറിസം രംഗത്ത് ആയുഷിനെ കേരളത്തിന്റെ മികവുറ്റ ഉത്പന്നമായി മാറ്റുന്നതിനുള്ള കർമ്മപദ്ധതികൾ ചർച്ച ചെയ്യും. അതിനായി കോൺക്ലേവിന് ശേഷം ഒരു വർഷക്കാലത്തേക്ക് പ്രവർത്തിക്കുന്നതിന് ഒരു സെക്രട്ടറിയേറ്റ് രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട പൊതുജനാരോഗ്യ പ്രോജക്ടുകൾ പരിശോധിക്കുന്നതിനും ചർച്ചചെയ്യുന്നതിനും പ്രാദേശിക ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വേദി ഒരുക്കുന്നതിനാണ് എൽ.എസ്.ജി. ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.
ആയൂർവേദ, സിദ്ധ, യുനാനി & ഹോമിയോപ്പതി ഔഷധനയം സംബന്ധിച്ച ശില്പ ശാലയിൽ ആയൂർവേദ ഔഷധനിർമ്മാണ മേഖലയും ഇതര ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ഔഷധ നിർമ്മാണ മേഖലയും ചർച്ച ചെയ്യപ്പെടുന്നു. 'കിച്ചൻ ഫാർമസി' എന്ന പേരിൽ ഹെൽത്ത് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. കർഷകസംഗമവും സംഘടിപ്പിക്കും.
ആയുഷ് വിദ്യാർത്ഥി സംഗമം, ആയുഷ് വിഭാഗങ്ങളിലേക്ക് ആശമാരുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള ആലോചനായോഗങ്ങൾ, ഔഷധ സസ്യപ്രചരണം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രഭാഷണങ്ങൾ, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ ഇതോടൊപ്പം അനുബന്ധ പരിപാടികളായി സംസ്ഥാനത്തുടനീളം നടക്കും.
രജിസ്റ്റർ ചെയ്ത 2000 പ്രതിനിധികൾ, വിദഗ്ദ്ധരായ 500 പ്രത്യേക ക്ഷണിതാക്കൾ, ഗവേഷകർ, വ്യവസായ മേഖലയിൽ നിന്നുമുള്ള 200 വിദഗ്ദ്ധർ, 50 സർക്കാർ/സ്വയംഭരണ ഏജൻസികൾ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നും 200 പ്രതിനിധികൾ എന്നിവർ ആയുഷ് കോൺക്ലേവിൽ പങ്കെടുക്കും. പ്രധാന സെമിനാർ ഹാൾ, 3 പാരലൽ സെഷൻ ഹാളുകൾ, 2 ശില്പശാലാ ഹാളുകൾ, പോസ്റ്റർ പ്രദർശന ഹാൾ, എഡ്യുക്കേഷൻ എക്‌സ്‌പോ, 300 ഓളം പ്രദർശന സ്റ്റാളുകൾ, ഹോം പവലിയൻ, ഔഷധ സസ്യപ്രദർശനം എന്നിവയും കോൺക്ലേവിൽ ഉണ്ടാകും.
നാഷണൽ ആയുഷ് മിഷൻ കേരള സംഘടിപ്പിക്കുന്ന പരിപാടിയിൽ ടൂറിസം വകുപ്പ്, വ്യവസായ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കായിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, ശാസ്ത്രസാങ്കേതിക വകുപ്പ്, കെ.എസ്.ഐ.ഡി.സി. കിൻഫ്ര, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, പൊല്യൂഷൻ കൺട്രോൾ ബോർഡ്, നാഷണൽ ഹെൽത്ത് മിഷൻ, സ്റ്റേറ്റ് മെഡിസിനിൽ പ്ലാന്റ് ബോർഡ്, ആരോഗ്യ സർവ്വകലാശാല, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, റ്റി.ബി.ജി.ആർ.ഐ തുടങ്ങിയ വകുപ്പുകളുടെയും ഏജൻസികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ സവിശേഷതകൾ ലോകമെമ്പാടും വിളംബരം ചെയ്യുന്ന പരിപാടിയായി ആയുഷ് കോൺക്ലേവിനെ മാറ്റാനായി എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.