തിരുവനന്തപുരം: മണിഭൂഷണനെ കിർത്താർഡ്‌സിൽ സ്ഥിരം നിയമനം നൽകിയത് എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്ന് മന്ത്രി എ.കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ഫിറോസ് നിയമനടപടിക്ക് തയ്യാറുണ്ടോയെന്നും രേഖകൾ ഉദ്ധരിച്ച് മന്ത്രി വെല്ലുവിളിച്ചു.
മണിഭൂഷണൻ കിർത്താഡ്‌സിൽ റിസർച്ച് അസിസ്റ്റന്റായി 1993ലാണ് കരാർ അടിസ്ഥാനത്തിൽ ആദ്യമായി നിയമിതനാകുന്നത്. 95ൽ കിർത്താഡ്‌സിൽ ലക്ചറർ/റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടും സുതാര്യമായും മതിയായ യോഗ്യതകളുള്ള മണിഭൂഷണനെ ലക്ചററായി കരാർ അടിസ്ഥാനത്തിൽ മാറ്റി നിയമിച്ചു. ഈ രണ്ട് നിയമനങ്ങളും അന്നത്തെ യു.ഡി.എഫ് സർക്കാർ കാലത്താണ് നടത്തിയിട്ടുള്ളത്. പിന്നീട് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന വി.കെ മോഹൻകുമാർ വിരമിച്ച ഒഴിവിൽ ചട്ടപ്രകാരം ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. സ്‌പെഷ്യൽ റൂൾ പ്രകാരം സർവീസിൽ തുടരുന്ന കരാർ ജീവനക്കാർക്ക് വേണ്ട എല്ലാ യോഗ്യതകളും ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് മണിഭൂഷണൻ അടക്കമുള്ള 10 പേരെയും അവരവരുടെ തസ്തികകളിൽ സ്ഥിരപ്പെടുത്തിയത്. 2010 ൽ ധനകാര്യ, നിയമ, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം മന്ത്രിസഭായോഗമാണ് സ്ഥിരപ്പെടുത്തൽ തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്ഥിരപ്പെടുത്തിയ ശേഷം കിർത്താഡ്‌സിൽ തുടരുന്ന മണിഭൂഷണനെ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (കോഴിക്കോട് റീജിയണൽ ഓഫീസ്) ആയി ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നു. 2010 ലെ നിയമനത്തിൽ എന്തെങ്കിലും അപാകത ഉണ്ടായിരുന്നെങ്കിൽ തുടർന്നുവന്ന യു.ഡി.എഫ് സർക്കാരിന് തീരുമാനം പുനഃപരിശോധിക്കാമായിരുന്നു.