gas

കല്ലറ: പാചക വാതക വിതരണ ഏജൻസികൾ ഉപഭോക്താക്കളിൽ നിന്നും ഗ്യാസിന് സർക്കാർ നിർദ്ദേശിച്ചുള്ളതിനെക്കാൾ അധിക തുക ഈടാക്കുന്നുവെന്ന ആരോപണം വ്യാപകമാകുന്നു.

ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടറൊന്നിന് 656 രൂപയാണ് നിലവിലെ വില. എന്നാൽ പല ഏജൻസികളും ഉപഭോക്താക്കളിൽ നിന്നും 780 രൂപ വരെ വാങ്ങുന്നതായാണ് പരാതി. യാഥാർത്ഥ വിലയേക്കാൾ 40 മുതൽ 124 രൂപ വരെ അധികം ഇടാക്കുന്നതായി ആക്ഷേപമുണ്ട്. ഗോഡൗണുകളിൽ നിന്നും സിലിണ്ടറുകൾ വീടുകളിൽ എത്തിക്കാനുണ്ടാകുന്ന ഡെലിവറി ചെലവിന്റ പേരിലാണ് കൊള്ളയടി നടത്തുന്നത്.

ഗ്യാസ് ഏജൻസികൾ പ്രവർത്തിക്കുന്ന സ്ഥലത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഉപഭോക്താക്കൾക്ക് വാഹനചാർജ് ഈടാക്കാതെ സിലിണ്ടറുകൾ എത്തിച്ച് നൽകണം എന്നാണ് ചട്ടം. മറ്റുള്ളവരിൽ നിന്നും ദൂരം അനുസരിച്ച് 38 രൂപ വരെ അധികമായും വാങ്ങാം. ബില്ലുകളിൽ അധിക ഡെലിവറി ചാർജ്ജ് ഇടാക്കുന്നതിന് പുറമേ ഗ്യാസ് വീടുകളിൽ എത്തിക്കുന്നവരും ഉപഭോക്താക്കളെ പിഴിയുന്നതായി നാട്ടുകാർ പറയുന്നു.

ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ മാത്രമാണ് വാഹനത്തിലുള്ളവർ ബില്ലുകൾ നൽകുക. ബില്ലിൽ എഴുതിയിരിക്കുന്നതിനേക്കാൾ തുക ആവശ്യപ്പെടുന്നത് ചോദ്യം ചെയ്യുന്നവരോട് ഇവർ തട്ടിക്കയറുകയും അടുത്ത തവണ മുതൽ ഗ്യാസ് ഏജൻസിയിൽ നിന്നും നേരിട്ട് എടുത്താൽ മതിയെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവത്രെ. ചോദിക്കുന്ന രൂപ നൽകിയാൽ പോലും പലരും സിലണ്ടർ വിട്ടിൽ എത്തിച്ച് നൽകാറില്ലെന്നും പകരം റോഡരുകിലും വീട്ടു മുറ്റങ്ങളിലും ഇട്ടു പോവുകയാണ് പതിവെന്നും നാട്ടുകാർ പറയുന്നു.