നെടുമങ്ങാട്: ഭൂരഹിതരും ഭവന രഹിതരുമായ ആയിരക്കണക്കിന് കോളനിവാസികൾ തിങ്ങിവസിക്കുന്ന നെടുമങ്ങാട് താലൂക്കിൽ ഏറെ ആശ്വാസകരമാകുന്ന നഗരസഭയുടെ ആദ്യത്തെ ആധുനിക പൊതു ശ്മശാനമായ ശാന്തിതീരവും സമീപത്തായി നിർമ്മിച്ച മാലിന്യസംസ്കരണ പ്ലാന്റും ഇന്ന് വൈകിട്ട് നാലിന് മന്ത്രി എ.സി.മൊയ്തീൻ നാടിനു സമർപ്പിക്കും. സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ എം.എൽ.എമാരായ ഡി.കെ. മുരളി, കെ.എസ്. ശബരിനാഥൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ അജയകുമാർ വർമ്മ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിക്കും. നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായി മാറുകയാണ് ആധുനിക ക്രിമിറ്റോറിയവും മോഡൽ മാലിന്യസംസ്കരണ പ്ലാന്റും. തുമ്പൂർമൂഴി മാതൃകയിലുള്ള എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് നഗരത്തിന് പുതിയ കാഴ്ചയും അനുഭവവുമാകും.
പത്ത് വർഷം മുമ്പ് കൊല്ലങ്കാവ് ജി.ചന്ദ്രൻ ചെയർമാനായിരിക്കെ സ്ഥലം വാങ്ങി നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും ചില കോണുകളിൽ നിന്നുണ്ടായ എതിർപ്പിനെ തുടർന്ന് പദ്ധതി തകിടം മറിയുകയായിരുന്നു. നഗരസഭ കൗൺസിലുകൾ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിനും സാധാരണക്കാരുടെ നിരവധി പ്രതിഷേധങ്ങൾക്കും ഒടുവിൽ പരിസരവാസികളുടെ സഹകരണത്തോടെയാണ് പൊതുശ്മശാനം നിർമ്മിച്ചത്. നഗരസഭയ്ക്ക് പുറമേ താലൂക്കിലെ പതിനഞ്ചിലധികം ഗ്രാമപഞ്ചായത്തുകൾക്ക് ശാന്തിതീരം ആശ്വാസമാകും. കേരളീയ വാസ്തുശില്പ ശൈലിയിൽ നിർമ്മിച്ച പൊതുശ്മശാനത്തോട് ചേർന്ന് ബലിമണ്ഡപവും പാർക്കും ഒരുക്കിയിട്ടുണ്ട്. മാലിന്യസംസ്കരണം കീറാമുട്ടിയായ നഗരസഭയ്ക്ക് ഹൃദയഭാഗത്തെ സംസ്കരണ പ്ലാന്റും ആശ്വാസകരമാണ്.
കാലതാമസം ഭരണപരമായ വീഴ്ചയല്ല ; ചെറ്റച്ചൽ സഹദേവൻ
'ശാന്തിതീര'ത്തിൽ ബി.പി.എല്ലുകാർക്ക് 850 രൂപയും എ.പി.എല്ലുകാർക്ക് 1,600 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എൽ.പി.ജി ഗ്യാസ് ഉപയോഗിച്ചാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. വിറകും ചിരട്ടയും ഉപയോഗിച്ചുള്ള ദഹിപ്പിക്കലും ഉണ്ടാവും. പുകപടലമോ, ദുർഗന്ധമോ ഉണ്ടാകാത്ത വിധം ശാസ്ത്രീയമായാണ് രൂപകല്പന. 35മീറ്റർ പൊക്കത്തിലാണ് പുകക്കുഴലുകൾ സ്ഥാപിച്ചിട്ടുള്ളത്. പൂർണമായും നഗരസഭയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമായിരിക്കും പ്രവർത്തനം. പദ്ധതി നടപ്പാക്കുന്നതിലുണ്ടായ കാലവിളംബം ഭരണപരമായ വീഴ്ച അല്ലെന്നും ചിലരുടെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും വിപുലവും അത്യാധുനികവുമായ ക്രിമിറ്റോറിയം എന്ന നിലയിൽ ഇതിനകം ജില്ലയിൽ ശ്രദ്ധ നേടിക്കഴിഞ്ഞുവെന്നും ചെയർമാൻ പറഞ്ഞു. പത്രസമ്മേളനത്തിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ ലേഖ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി. ഹരികേശൻ നായർ, സി. സാബു എന്നിവരും പങ്കെടുത്തു.