bahrin-footballer-release
bahrin footballer released

ബാങ്കോക്ക് : ആസ്ട്രേലിയയിൽ അഭയം തേടിയിരുന്ന ബഹറിൻ ഫുട്ബാളർ ഹക്കീം അൽ അറൈബിയെ തായ്‌ലൻഡ് കോടതി ജയിലിൽ നിന്ന് വിട്ടയച്ചു.

കഴിഞ്ഞ നവംബറിൽ ഹണിമൂണിനായി ബാങ്കോക്കിലെത്തിയിരുന്ന ഹക്കീമിനെ ബഹ്‌റിന്റെ അഭ്യർത്ഥന പ്രകാരം ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചതിനാലാണ് തായ്‌ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2014ൽ ബഹറിനിൽ നിന്ന് ആസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്ന ഹക്കീം അവിടെ പ്രൊഫഷണൽ ഫുട്ബാൾ താരമായിരുന്നു. ആസ്ട്രേലിയയിലെ റസിഡൻസ് വിസയും സമ്പാദിച്ചിരുന്നു.

രാജഭരണത്തിനെതിരായ 2011ലെ മുല്ലപ്പൂ വിപ്ളവത്തിൽ പങ്കാളിയായതിന്റെ പേരിൽ ബഹറിനിൽ ജീവിക്കാൻ കഴിതാത്ത അവസ്ഥയുണ്ടായതിനെത്തുടർന്നാണ് 2014ൽ ഹക്കീം നാടുവിട്ട് ആസ്ട്രേലിയയിൽ കുടിയേറിയത്. ഇതോടെ, ഹക്കീമിനെ ബഹറിൻ ഭരണകൂടം ശത്രുവായി പ്രഖ്യാപിക്കുകയായിരുന്നു. ഹക്കീമിനെതിരെ ബഹറിനിൽ നിരവധി കുറ്റങ്ങൾ ചാർത്തപ്പെട്ടു. ആസ്ട്രേലിയയോട് ഹക്കീമിനെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടർന്നാണ് ഇന്റർപോളിനെ സമീപിച്ചത്.

ബാങ്കോക്കിലെ അപ്രതീക്ഷിത അറസ്റ്റ് അന്താരാഷ്ട്ര തലത്തിൽ വൻപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അറസ്റ്റിലായ ഹക്കീമിനെ വിട്ടുകിട്ടാൻ ബഹറിൻ ബാങ്കോക്ക് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ബഹ്‌റിനിലേക്ക് തിരിച്ചയച്ചാൽ തന്റെ ജീവൻ നഷ്ടമാകുമെന്ന് ഹക്കീം അറിയിച്ചു. തങ്ങൾ അഭയം നൽകിയ വ്യക്തിയെ ബഹറിന് വിട്ടുകൊടുക്കുന്നതിൽ ആസ്ട്രേലിയയും വിമുഖത പ്രകടിപ്പിച്ചു.

ഹക്കീമിന്റെ മോചനത്തിനായി അന്താരാഷ്ട്ര ഫുട്ബാൾ ലോകവും മനുഷ്യാവകാശ സംഘടനകളും രംഗത്തു വന്നതോടെ ഇന്റർപോളിനുള്ള അഭ്യർത്ഥന പിൻവലിക്കാൻ ബഹറിൻ നിർബന്ധിതമായി. ഇതേത്തുടർന്നാണ് ബാങ്കോക്ക് കോടതി താരത്തെ വിട്ടയച്ചത്. തായ്‌ലൻഡ് കോടതിയുടെ തീരുമാനത്തെ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്മോറിസൺ സ്വാഗതം ചെയ്തു.