നദിയാദ് : ഗുജറാത്തിലെ നദിയാദിൽ തന്റെ അവസാന ദേശീയ സ്കൂൾ മീറ്റിനിറങ്ങിയ കൗമാര കായിക വിസ്മയം അപർണ റോയ് പ്രതീക്ഷകൾ തെറ്റിച്ചില്ല. ഇഷ്ട ഇനമായ 100 മീറ്റർ ഹർഡിൽസിൽ തന്റെ തന്നെ ദേശീയ റെക്കാഡ് തിരുത്തിക്കുറിച്ച് സ്വർണനേട്ടം. പിന്നാലെ 4 x 100 മീറ്റർ റിലേയിലെ സ്വർണ നേട്ടത്തിൽ പങ്കാളിത്തം. അപർണയ്ക്കും റിലേ ടീമിനും ഒപ്പം ലോംഗ് ജമ്പിൽ സാന്ദ്രാബാബുവും സ്വർണമണിഞ്ഞതോടെ സീനിയർ ഗേൾസിന്റെ ദേശീയ സ്കൂൾ മീറ്റിന്റെ രണ്ടാം ദിനവും കേരളം ഒന്നാം സ്ഥാനത്തു തന്നെ. ഇന്നലെ മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം ആറ് മെഡലുകളാണ് കേരളം നേടിയത്. ആദ്യദിനം ഒരു സ്വർണവും മൂന്ന് വെള്ളികളും നേടിയ കേരളം രണ്ടാം ദിനം പിന്നിടുമ്പോൾ 65 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 41 പോയിന്റുള്ള തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ഹരിയാനയെ മറികടന്ന് 35 പോയിന്റുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തേക്കെത്തി.
13.91
കോഴിക്കോട് പുല്ലുരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിയായ അപർണ ഇന്നലെ 100 മീറ്റർ ഹർഡിൽസിൽ ഫിനിഷ് ചെയ്തത് 13.91 സെക്കൻഡിലാണ്.
14.20
സെക്കൻഡിൽ കഴിഞ്ഞവർഷം അപർണ തന്നെ കുറിച്ചിരുന്ന റെക്കാഡാണ് ഇക്കുറി തിരുത്തിയെഴുതിയത്.
6
മുൻ സംസ്ഥാന സ്കൂൾ ഫുട്ബാൾ ക്യാപ്ടൻ കൂടിയായ അപർണയുടെ ആറാമത്തെ സ്കൂൾ നാഷണലാണിത്.
10
സ്വർണമെഡലുകളാണ് അപർണ ദേശീയ സ്കൂൾ മീറ്റുകളിൽ നിന്ന് വാരിക്കൂട്ടിയത്. ഇന്ന് 200 മീറ്ററിൽ മത്സരത്തോടെ അപർണയുടെ സ്കൂൾ പോരാട്ടങ്ങൾക്ക് വിരാമമാകും.
ഇന്നലെ രാവിലെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ മുണ്ടൂർ എച്ച്.എസ്.എസിലെ ശ്രീജയുടെ വെങ്കലത്തോടെയാണ് കേരളം മെഡൽ വേട്ട തുടങ്ങിയത്. 1500 മീറ്ററിൽ തിരുവനന്തപുരം സായ്‌യിലെ മിന്നു പി. റോയ് വെള്ളി നേടി. തുണ്ടത്തിൽ എം.വി.എച്ച്. എസിലെ വിദ്യാർത്ഥിനിയാണ് മിന്നു. ഇതേ സ്കൂളിലെ വിദ്യാർത്ഥിനിയും സായ്‌യിൽ പരിശീലിക്കുന്ന താരവുമായ മേഘമറിയം മാത്യു ഷോട്ട്‌പുട്ടിൽ വെങ്കലം നേടി. മേഘയുടെയും അവസാനത്തെ സ്കൂൾ നാഷണൽസായിരുന്നു ഇത്.
തന്റെ അവസാന സ്കൂൾ നാഷണൽസിനിറങ്ങിയ മാതിരപ്പള്ളി സ്കൂളിലെ സാന്ദ്രാബാബുവും സ്വർണം കൊണ്ട് വിടവാങ്ങൽ ഉജ്ജ്വലമാക്കി. ലോംഗ്ജമ്പിൽ 5.97 മീറ്റർ ചാടിയാണ് കോതമംഗലം എം.എ. കോളേജ് ഹോസ്റ്റലിൽ പരിശീലിക്കുന്ന സാന്ദ്ര സ്വർണമണിഞ്ഞത്.
അപർണറോയ്, അഞ്ജലി പി.സി, ആൻസി സോജൻ, അലീന വർഗീസ് എന്നിവരടങ്ങിയ ടീമാണ് 4 x 100 മീറ്റർ റിലേയിൽ കേരളത്തിന് സ്വർണം നേടിത്തന്നത്. ആൻസി കഴിഞ്ഞ ദിവസം 100 മീറ്ററിൽ വെള്ളി നേടിയിരുന്നു.
മീറ്റ് ഇന്ന് സമാപിക്കും
സീനിയർ പെൺകുട്ടികളുടെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും. 200, 800 മീറ്ററുകൾ, 400 X 100 മീറ്റർ റിലേകൾ എന്നിവയിൽ ഇന്ന് ഫൈനലുകൾ നടക്കും. ആൺകുട്ടികളുടെ സീനിയർ മീറ്റും നദിയാദിൽത്തന്നെയാണ് നടക്കുന്നത്.
അപർണാ റോയ്,
100 മീറ്റർ ഹർഡിൽസ്
റെക്കാഡോടെ സ്വർണം
സാന്ദ്രാബാബു
ലോംഗ്ജമ്പ് സ്വർണം
മിന്നു പി. റോയ്
1500 മീറ്റർ വെള്ളി
മേഘമറിയം മാത്യു
ഷോട്ട്‌പുട്ട്
വെങ്കലം