തിരുവനന്തപുരം: സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയുടെ ചുമതല മുല്ലക്കര രത്നാകരനെൻ എം.എൽ.എയെ ഏല്പിക്കാൻ ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന നിർവ്വാഹകസമിതി യോഗം തീരുമാനിച്ചു. എൻ. അനിരുദ്ധൻ പാർട്ടി ജില്ലാ സെക്രട്ടറിസ്ഥാനം രാജി വച്ചതായി സംസ്ഥാന നിർവ്വഹാകസമിതിയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. രാജിക്കത്ത് കാനം വായിച്ചു. പാർട്ടി സംസ്ഥാന നിർവ്വാഹകസമിതി തീരുമാനപ്രകാരം രാജി വയ്ക്കുന്നുവെന്നാണ് കത്തിൽ. രാജി അംഗീകരിച്ചാണ് മുല്ലക്കരയെ പകരം ചുമതലയേല്പിച്ചത്.
കഴിഞ്ഞ മാസം ചേർന്ന സംസ്ഥാന നിർവ്വാഹകസമിതിയാണ് അനിരുദ്ധനെ മാറ്റാൻ ആദ്യം തീരുമാനമെടുത്തത്. മുൻ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേന്ദ്രനെ പകരം ജില്ലാ സെക്രട്ടറിയാക്കണമെന്നും അന്ന് നിർവ്വാഹകസമിതി നിർദ്ദേശിച്ചു. എന്നാൽ കൊല്ലം ജില്ലാ കൗൺസിലിൽ രാജേന്ദ്രനെതിരെ ഉയർന്ന ശക്തമായ എതിർപ്പിനെത്തുടർന്ന് സംസ്ഥാന നേതൃത്വത്തിന് തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.
കഴിഞ്ഞ സംസ്ഥാന നിർവ്വാഹസമിതി അനിരുദ്ധൻ ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേ മതിയാവൂ എന്ന് ആവർത്തിച്ചു. ഇതാണ് ഒടുവിൽ അനിരുദ്ധന്റെ രാജിയിൽ കലാശിച്ചത്.
കൊല്ലത്ത് ജില്ലാ നേതൃത്വത്തിൽ സംഘടനാപരമായി ഉണർവ്വുണ്ടാകാൻ തലമുറമാറ്റം വരണമെന്ന് സംസ്ഥാനനേതൃത്വം വിലയിരുത്തുന്നു. എന്നാൽ, നേതൃത്വം നിർദ്ദേശിച്ച രാജേന്ദ്രൻ ജില്ലാസെക്രട്ടറി പദവിയിലേക്ക് വരുന്നതിനോട് ജില്ലാ ഘടകത്തിൽ ശക്തമായ എതിർപ്പാണ്. ഒരിക്കൽ സി.പി.ഐ വിട്ടുപോയി തിരിച്ചുവന്നത് അടക്കമുള്ള ആക്ഷേപമുള്ളയാളെ അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷവികാരം. പുതിയ സെക്രട്ടറിയെ ഇനി ജില്ലാ കൗൺസിൽ തീരുമാനിക്കട്ടെയെന്ന നിലപാടാണ് സംസ്ഥാനനേതൃത്വത്തിനിപ്പോൾ.