തിരുവനന്തപുരം: ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റസ് ഫെഡറേഷന്റെ 13ാം ദേശീയ സമ്മേളനം വിശാഖപട്ടണത്ത് ബിനോയ് വിശ്വം എം. പി ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾ പുനഃപരിശോധിക്കണമെന്നും എൽ.ഐ.സി ഏജന്റുമാരുടെ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ വർക്കിംഗ് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തെ എൽ.ഐ.സി ഏജന്റുമാർക്ക് ക്ഷേമനിധി, പെൻഷൻ, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നടപ്പിലാക്കുക, പോളസി ഉടമയ്ക്ക് ചുമത്തുന്ന ജി. എസ് .ടി പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പുതിയ ഭാരവാഹികളായി എൻ.കെ പ്രേമചന്ദ്രൻ എം.പി (ദേശീയ പ്രസിഡന്റ്), തോന്നയ്ക്കൽ രാമചന്ദ്രൻ (ജനറൽ സെക്രട്ടറി) ,സി.രാധാകൃഷ്ണൻ (വർക്കിംഗ് പ്രസിഡന്റ്), കെ.സി തോമസ് (രക്ഷാധികാരി), അബ്ദുൾ സമദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.