തിരുവനന്തപുരം: ഇന്നലെ അർദ്ധരാത്രിയോടെ പടിഞ്ഞാറേക്കോട്ട പെരുന്താന്നി എൻ.എസ്.എസ് സ്‌കൂളിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഈഞ്ചയ്ക്കലിൽ നിന്നും പടിഞ്ഞാറേക്കോട്ടയിലേക്ക് വന്ന യമഹ ബൈക്ക് കാറിനെ മറികടക്കവേ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക‌് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. ഇതിനിടെയുണ്ടായ അഗ്നിബാധയിൽ ബൈക്കും ലോറിയും കത്തിനശിച്ചു. ഒരാൾ സംഭവസ്ഥലത്തും മറ്റേയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. ഒരാൾ കല്ലറ അഭിവിലാസത്തിൽ ശശിധരന്റെ മകൻ അഭിലാൽ (23) ആണെന്ന‌് തിരിച്ചറിഞ്ഞിട്ടുണ്ട‌്. ചിതറിയ നിലയിലുള്ള രണ്ടാമത്തെയാളുടെ വിവരം ലഭ്യമായിട്ടില്ല. പരിസരവാസികൾ വിവരമറിയിച്ചതിനെതുടർന്ന‌് സ്ഥലത്തെത്തിയ ചെങ്കൽച്ചൂള ഫയർഫോഴ‌്സും പൊലീസുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബൈക്ക‌് പൂർണമായും കത്തിനശിച്ചു. ഇഷ്ടിക കയറ്റിപ്പോകുകയായിരുന്ന ലോറിയുടെ മുൻ ഭാഗവും കത്തി നശിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ലോറി ജീവനക്കാർ ഇറങ്ങിയോടി. ബൈക്ക് അമിതവേഗതയിലായിരുന്നെന്നും മരിച്ച ഇരുവരും ധരിച്ച യൂണിഫോമിൽ നിന്നും ഇവർ പാറ്റൂർ ആർടെക‌് മാളിലെ ജീവനക്കാരാണെന്ന‌് സംശയിക്കുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു. പൂന്തുറ സി.ഐ എസ‌്.എൽ. സജിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ സ‌്റ്റേഷനിലെയും സമീപ സ‌്റ്റേഷനുകളിലെയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. യുവാക്കളുടെ മൃതദേഹം മെഡിക്കൽ കോളേജ‌് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.