facebook-love

കോട്ടയം: ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുള്ള ചാറ്റിംഗിനൊടുവിൽ വീട്ടുകാർ അറിയാതെ ഡിഗ്രി വിദ്യാർത്ഥിനി കാമുകനെ തേടി വണ്ടികയറി. പാലക്കാട്ടേക്ക്. പക്ഷെ പരസ്പരം കാണുംമുമ്പേ ഇരുവരും പൊലീസിന്റെ പിടിയിലായി. കഴിഞ്ഞദിവസമാണ് സംഭവം.

പരിചയപ്പെട്ട് മൂന്നാം ദിവസം പെൺകുട്ടിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് വീട്ടിലേക്ക് വരാൻ തമശയായിട്ട് പറഞ്ഞതെന്നും വരുമെന്ന് കരുതിയില്ലെന്നും 18കാരനായ കാമുകൻ പൊലീസിനോട് പറഞ്ഞു. ഏതായാലും പെൺകുട്ടിയെ മാതാപിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതമായി ഏല്പിച്ചു.

കോളേജിലേക്ക് രാവിലെ പോയ പെൺകുട്ടി സന്ധ്യയായിട്ടും മടങ്ങിവരാതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. പാതിരാത്രിവരെ അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് പൊലീസിൽ പരാതി നല്കുകയായിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ കൂട്ടുകാരിയിൽ നിന്ന് ചില സൂചന ലഭിച്ചു. ഇതോടെ പൊലീസ് അതുവഴിക്ക് തിരിയുകയായിരുന്നു.

യുവാവിന്റെ മൊബൈൽ നമ്പർ പൊലീസിന് കൂട്ടുകാരിയിൽ നിന്ന് ലഭിച്ചു. പൊലീസ് വിളിച്ചതോടെ കാമുകൻ ‌ഞെട്ടി. പെൺകുട്ടിയെ താൻ ക്ഷണിച്ചതാണെന്നും എന്നാൽ വരുമെന്ന് വിചാരിച്ചില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. എന്നാൽ പെൺകുട്ടിയെ പൊലീസ് വിളിച്ചതോടെ താൻ തൃശൂരിലെത്തിയെന്നും പാലക്കാട്ടേക്കുള്ള ബസ് കാത്തുനിൽക്കുകയാണെന്നുമായിരുന്നു മറുപടി. ഒലവക്കോട് പൊലീസ് സ്റ്റേഷനിലെത്തിച്ച പെൺകുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടു.