തിരുവനന്തപുരം: ആറ്രുകാൽ ദേവീക്ഷേത്രത്തിൽ 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അലങ്കാര ഗോപുരം പണിയുന്നതിന് വാസ്തുശാസ്ത്രജ്ഞന്റെ നിർദ്ദേശം. വാസ്തുശാസ്ത്ര വിജ്ഞാന പീഠം അദ്ധ്യക്ഷൻ ഡോ. കെ. മുരളീധരൻ നായരാണ് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്രിനു മുമ്പാകെ ഇത് സംബന്ധിച്ച കാര്യങ്ങൾ സമർപ്പിച്ചത്. ശ്രീകോവിലിന് നേരെ വടക്കുഭാഗത്തായി അലങ്കാര ഗോപുരം പണിതാൽ അത് അനന്തപുരിക്ക് തിലകക്കുറിയായി മാറുമെന്ന് നിർദ്ദേശത്തിലുണ്ട്. ഗോപുരം പണിയുന്നതിനോട് ക്ഷേത്ര കമ്മിറ്രിക്ക് തത്വത്തിൽ അനുകൂല നിലപാടാണെന്ന് മുരളീധരൻ നായർ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ അലങ്കാര ഗോപുരങ്ങളുള്ള വളരെ കുറച്ച് ക്ഷേത്രങ്ങളേ ഉള്ളൂ. തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അലങ്കാര ഗോപുരമുണ്ട്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിൽ ക്ഷേത്രത്തിന് വടക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു നടഗോപുരം മാത്രമേ ഉള്ളൂ. തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രത്തിലുൾപ്പെടെ പല ക്ഷേത്രങ്ങളിലും അലങ്കാര ഗോപുരങ്ങൾ കാണാം. ആറ്രുകാലമ്മയുടെ ഇരിപ്പിട സ്ഥാനമായ ശ്രീകോവിൽ കേരളത്തിന്റെ തനതായ വാസ്തുശൈലിയിൽ നിർമ്മിച്ചതാണ്. എന്നാൽ, ചുറ്റമ്പലവും മണ്ഡപവും കമാനങ്ങളും തമിഴ്നാട് ക്ഷേത്ര ശില്പകലയുമായി ബന്ധപ്പെട്ടാണ് നിർമ്മിച്ചിട്ടുള്ളത്. കർണാടകയിലെ മുർഡേശ്വർ ക്ഷേത്രത്തിൽ 240 അടി ഉയരത്തിലുള്ള അലങ്കാരഗോപുരമുണ്ട്. 250 അടി ഉയരമുള്ള ഗോപുരം പണികഴിപ്പിച്ചാൽ ആറ്റുകാലിലേതാവും ഏറ്രവും വലിയ ഗോപുരം. ടൂറിസം മാപ്പിലും ഇത് ഇടം പിടിക്കും. ക്ഷേത്ര വരുമാനവും വർദ്ധിക്കും.