f

ബാലരാമപുരം: ബാലരാമപുരം- എരുത്താവൂർ റോഡിന്റെ നവീകരണം വീണ്ടും അനിശ്ചിതത്വത്തിൽ. മൂന്ന് വർഷത്തേളമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര വളരെ ദുഷ്കരമാണ്. മുൻ എം.എൽ.എ ജമീലാപ്രകാശത്തിന്റെ കാലത്ത് മുക്കോല മുതൽ ബാലരാമപുരം ഫെഡറൽ ബാങ്ക് വരെയുള്ള റോഡ് ദീർഘകാല സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് ബി.എം.ആൻഡ് ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചത്. ഉണ്ടിന്റെ അപര്യാപ്തത കരാണം എറുത്താവൂർ വരെയുള്ള മൂന്ന് കി.മീറ്റർ ടാറിംഗ് ചെയ്യുന്നതിൽ നിന്നും ഒഴുവാക്കി. എന്നാൽ വിൻസെന്റ് എം.എൽ.എ ബാലരാമപുരം- എരുത്താവൂർ റോഡ്, തേമ്പാമുട്ടം- റസ്സൽപുരം റോഡ് എന്നിവയുടെ നവീകരണത്തിന് 2 കോടി രൂപയുടെ പ്രോഡക്ട് കൈമാറിയെങ്കിലും സർക്കാർ ഇതുവരെയും അനുമതി നൽകിയിട്ടില്ല. ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് മുൻവശം,​ തണ്ണിക്കുഴി വളവ്,​ തേമ്പാമുട്ടം റെയിവെക്രോസ് ജംഗ്ഷൻ,​ തേമ്പാമുട്ടം വയൽക്കര ആലിന് സമീപം,​ തലയൽ കെ.വി.എൽ.പി.എസിന് സമീപം,​ ചാനൽപ്പാലം ജംഗ്ഷന് സമീപം എന്നിവിടങ്ങളിലെല്ലാം വൻ കുഴികൾ രൂപപ്പെട്ട് വാഹനയാത്ര വെല്ലുവിളിയായിമാറിയിരിക്കുകയാണ്. ചാനൽപ്പാലം –റസ്സൽപ്പുരം റോഡിന്റെയും സ്ഥിതി പരിതാപകരമാണ്. ടാർസൻ ലോറികളുടെ അനിയന്ത്രിത ഗതാഗതം കാരണം റസ്സൽപ്പുരം റോഡും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. റസ്സൽപ്പുരം –കൂട്ടപ്പന റോഡിന് 15 ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും റോഡിന്റെ മെയിന്റെനൻസ് ജോലികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല.

ബാലരാമപുരം –എരുത്താവൂർ റോഡിലെ കുഴികളടച്ച് താത്ക്കാലിക പരിഹാരം കാണുന്നതിന് മരാമത്ത് നെയ്യാറ്റിൻകര സെക്ഷൻ 15 ലക്ഷം രൂപ മെയിന്റെനൻസ് ഫണ്ട് അനുവദിച്ചെങ്കിലും കരാറുകാരന്റെ പിൻമാറ്റം വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. എസ്റ്റിമേറ്റ് തുക കുറ‌ഞ്ഞ്പോയെന്ന കാരണത്താൽ കരാറുകാരൻ നിർമ്മാണം നടത്താൻ ഇതേവരെ തയാറായിട്ടില്ല. നിലവിൽ മൂന്നരശതമാനം അധികതുകയാണ് റോഡിന്റെ നവീകരണത്തിനായി ടെൻഡർ നൽകിയിരിക്കുന്നത്. നിർമ്മാണസാമഗ്രികളുടെ വിലവർദ്ധനവ് പരിഗണിച്ച് ഇത് പത്ത് ശതമാനമായി ഉയർത്തണമെന്ന് കാണിച്ച് മരാമത്ത് ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയെങ്കിലും അധിക തുക നൽകാൻ അധികൃതർ തയാറാവാത്തതിനെ തുടർന്ന് ഇദ്ദേഹം പിൻമാറുകയായിരുന്നു.