വിഴിഞ്ഞം: സഞ്ചാരതീരത്തെ ഓരോ ജീവന്റെയും കാവലാളാവുമ്പോഴും ആ മനസു നിറയെ കടലിന്റെ മക്കളുടെ കഥയാണ്. കരുംകുളം പുതിയതുറ തോട്ടം പുരയിടത്തിൽ വിർജിനാണ് തന്റെ കാഴ്ചകളും ജീവിതാനുഭവങ്ങളും പുസ്തകമാക്കിയിരിക്കുന്നത്. ജീവനും കഥയും ഒരു പോലെ കാത്തു സൂക്ഷിക്കുന്ന ലൈഫ് ഗാർഡിന്റെ പുസ്തകങ്ങൾക്കു ആവശ്യക്കാർ ഏറെയാണ്. ആദ്യ പുസ്തകമായ 'കാഴ്ചപ്പമ്പരം' ഇപ്പോൾ മൂന്നാം പതിപ്പിറങ്ങിയിരിക്കുകയാണ്. കോവളം രാജ്യാന്തര വിനോദസഞ്ചാരതീരത്തെ ലൈഫ് ഗാർഡാണ് വിർജിൻ. ജോലിക്കിടെ കണ്ട കാഴ്ചകളും ജനിച്ചുവളർന്ന തീരദേശത്തെ കടലിന്റെ മക്കളുടെയെല്ലാം ജീവിതവുമാണ് 'കാഴ്ചപ്പമ്പര' ത്തിലുള്ളത്. രണ്ടാമത്തെ പുസ്തകമായ 'ചാളത്തടിയിലിരുന്ന് ചുവന്ന ആകാശം കണ്ട്' എന്ന നോവൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തിരിക്കുകയാണ്. തന്റെ കഥയെ കുറിച്ചറിഞ്ഞ വിദേശികളുടെ ആഗ്രഹപ്രകാരമാണ് ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റമെന്നു വിർജിൻ പറഞ്ഞു. തെക്കൻ കേരളത്തിലെ കടലിന്റെ മക്കളുടെ കഥയും പരമ്പരാഗതമായുള്ള മത്സ്യബന്ധനവുമെല്ലാം ഈ നോവലിൽ കാണാം. തന്റെ മൂത്ത മകന്റെ പേരായ ഡാനിയേൽ എന്നത് നോവലിലെ കഥാപാത്രത്തിനും നൽകിയിട്ടുണ്ട്. കഴിഞ്ഞ പതിമ്മൂന്നു വർഷമായി ലൈഫ് ഗാർഡായി ജോലിനോക്കുന്ന വിർജിൻ ജോലിക്കിടയിൽ കാണുന്നതും മനസിൽ തോന്നുന്നതും കുറിച്ചുവയ്ക്കും. സമൂഹത്തോട് പറയാൻ തോന്നുന്നത് എഴുതിവയ്ക്കും ആദ്യകാലങ്ങളിൽ എഴുതുന്നത് കീറിക്കളയുമായിരുന്നെന്ന് ഇയാൾ പറയുന്നു. സുഹൃത്തുക്കളോടൊക്കെ ഇതേക്കുറിച്ചു പറഞ്ഞപ്പോൾ അവരുടെ നിർദ്ദേശപ്രകാരം പുസ്തകമായി അച്ചടിക്കുകയായിരുന്നു. ആദ്യ ഓർമക്കുറിപ്പുകൾ വായിച്ച കവി ചെമ്മനം ചാക്കോ ആ പുസ്തകത്തെകുറിച്ച് കവിതയെഴുതി വിർജിന് അയച്ചുകൊടുത്തു. അതിനുശേഷമാണ് എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരിക്കണമെന്നു തീരുമാനിച്ച് രണ്ടാമത്തെ നോവൽ എഴുതുന്നത്. തോമസ് ജോർജ് ശാന്തിനഗറാണ് ഈ നോവൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിക്കൊടുത്തത്. കേട്ടറിഞ്ഞു നിരവധി വിദേശികൾ പുസ്തകം വാങ്ങാൻ എത്താറുണ്ട്. ലൈഫ് ഗാർഡ് ജോലിക്കു എത്തുംമുൻപേ പുലർച്ചെ മത്സ്യബന്ധനത്തിനും പോകാറുണ്ട്. തൊഴിലിനൊപ്പം തന്നെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും വിർജിൻ പ്രവർത്തിക്കുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി സംഘടനകളിൽ നിന്നും പുരസ്കാരങ്ങളും വിർജിനെ തേടിവന്നിട്ടുണ്ട്. പ്രീഡിഗ്രി വരെ വിദ്യാഭ്യാസമുള്ള വിർജിന്റെ രചനകളിൽ കടപ്പുറത്തിന്റെ തനതു ഭാഷ കാണാനാകും. വിർജിന് എല്ലാവിധ സഹായങ്ങളുമായി ഭാര്യ റീറ്റയും ഒപ്പമുണ്ട്. ഡാനിയേൽ, നെവിൻ എന്നിവർ മക്കളാണ്. ഫോൺ: 9995793577