തിരുവനന്തപുരം :പത്ത് ദിവസം നീണ്ട നിയമസഭാ ബഡ്‌ജറ്റ് സമ്മേളനം സമാപിച്ചതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് ഇറങ്ങുകയാണ്.
എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രമുഖ നേതാക്കളിൽ പലരും നിയമസഭാംഗങ്ങളാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിൽ അവർക്ക് സജീവമാകാൻ കഴിഞ്ഞുമില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.എം. മാണി,ഡോ. എം.കെ. മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ഡി. സതീശൻ തുടങ്ങിയ നേതാക്കൾ യു.ഡി.എഫിന്റെ പ്രചാരണ വേദികളിൽ പ്രധാന സാന്നിദ്ധ്യമാവേണ്ടവരാണ്. പ്രചാരണചുമതലയാവട്ടെ കെ. മുരളീധരനും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ജി. സുധാകരൻ, തോമസ് ഐസക്ക്, മേഴ്സിക്കുട്ടിയമ്മ,സി.ദിവാകരൻ, മുല്ലക്കര രത്നാകരൻ, മാത്യു ടി. തോമസ് തുടങ്ങിയ മുതിർന്ന നേതാക്കൾ ഇടതു പ്രചാരണത്തിൽ മുൻപന്തിയിലുണ്ടാവും.
ലോക്‌സഭാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിലെ ഘടകക്ഷികളുമായുള്ള ചർച്ചയ്‌ക്ക് സി. പി. എം നേതൃത്വം തിങ്കളാഴ്ച തുടക്കമിട്ടു. ഐ.എൻ.എല്ലുമായും ജനാധിപത്യ കേരളാ കോൺഗ്രസുമായും പ്രാരംഭ ചർച്ച നടത്തി. ഇന്നും നാളെയും മറ്റു കക്ഷികളുമായും ചർച്ച തുടരും. മുന്നണിയിൽ 10 കക്ഷികളുള്ളതിനാൽ ഉഭയകക്ഷി ചർച്ചയ്ക്കായി കൂടുതൽ സമയം ചെലവിടേണ്ടിവരും.എങ്കിലും വലിയ തർക്കങ്ങളോ കടുംപിടിത്തമോ ഉണ്ടാവില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര മദ്ധ്യകേരളത്തിലേക്ക് കടക്കുന്നതേയുള്ളൂ. ജാഥയുടെ തിരക്കുള്ളതിനാൽ ഔദ്യോഗികമായി സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹം.17നാണ്. അതിന് ശേഷം ചർച്ചയാവാമെന്നാണ് നേതാക്കളുടെ ധാരണ.ലീഗ് ഒരു സീറ്റ് കൂടി ആവശ്യപ്പെടുമെന്ന് കേൾക്കുന്നുണ്ടെങ്കിലും വലിയ കടുംപിടുത്തത്തിന് സാദ്ധ്യതയില്ലെന്നാണ് അറിയുന്നത്. 27 ന് ജനമഹായാത്ര തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. 28 നാണ് സമാപനം. അതിന് മുമ്പായി സീറ്റ് വിഭജനം പൂർത്തിയാക്കി സമാപന സമ്മേളനത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൊഴുപ്പിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം.യാത്രയുടെ സമാപന ചടങ്ങിൽ സോണിയാഗാന്ധിയെ പങ്കെടുപ്പിക്കാനും ആലോചനയുണ്ട്.
എൽ.ഡി.എഫിന്റെ മേഖലാജാഥകളും ഫെബ്രുവരി 14 നും 16 നുമായി തുടങ്ങുകയാണ്.മാർച്ച് രണ്ടിന് തൃശൂരിൽ ജാഥകളുടെ സമാപനം കുറിക്കുന്ന വൻ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തുടങ്ങും.ദേശീയ നേതാക്കളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കും.
എൻ.ഡി.എയും പ്രാരംഭ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ബി.ജെ.പിയും മുഖ്യഘടകക്ഷിയായ ബി.ഡി.ജെ.എസും തങ്ങളുടെ നിലപാടുകൾ പരസ്പരം പങ്കുവച്ചിട്ടുണ്ട്. എങ്കിലും ഔദ്യോഗിക ധാരണയിലെത്തിയിട്ടില്ല.ബി.ജെ.പി തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പാർട്ടി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷാ 22 ന് പാലക്കാട്ട് പ്രചാരണത്തിനെത്തും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച പത്തനംതിട്ടയിലെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.