cement-price

ഇടയ്ക്കും മുറയ്ക്കും വിലകൂട്ടി സിമന്റ് കമ്പനികൾ കേരളത്തെ ശ്വാസംമുട്ടിക്കുന്നതു പതിവായിരിക്കുകയാണ്. ഇതിനെതിരെ എത്ര വലിയ പ്രതിഷേധം ഉയർന്നാലും ഒരു ഫലവും ഉണ്ടാകാറുമില്ല. നിത്യോപയോഗ സാധനങ്ങൾക്കെന്നപോലെ സിമന്റിനും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഇവിടത്തെ ഉപഭോക്താക്കൾക്ക് പറയുന്ന വില നൽകി സിമന്റ് വാങ്ങുകയേ നിർവാഹമുള്ളൂ. ഈ സാഹചര്യം മുതലാക്കിയാണ് സിമന്റ് കമ്പനികൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്.

കേന്ദ്ര - സംസ്ഥാന ബഡ്ജറ്റുകൾ വരുന്നതിനു തൊട്ടുമുമ്പ് തമിഴ്നാട്ടിലെ സിമന്റ് കമ്പനികൾ ഒറ്റയടിക്ക് വില ചാക്കൊന്നിന് അൻപതു രൂപ വർദ്ധിപ്പിച്ചിരുന്നു. ഈ നെറികെട്ട നടപടിക്കെതിരെ ഉയർന്ന പ്രതിഷേധം കെട്ടടങ്ങും മുൻപാണ് ഇപ്പോൾ വില വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്. നാല്പതോളം രൂപയുടെ വർദ്ധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജനുവരിയിൽ 350 നും 370 നുമിടയ്ക്ക് ലഭിച്ചിരുന്ന സിമന്റിന് ഫെബ്രുവരി ഒന്നിന് 400-420 തോതിലായിരുന്നു വില. ഇപ്പോഴിതാ വില 450 രൂപ വരെയായി ഉയർന്നിരിക്കുന്നു. പ്രതിമാസം പത്തുലക്ഷത്തോളം ടൺ സിമന്റ് വില്പന നടക്കുന്ന കേരളത്തിൽ രണ്ടുതവണ വില കൂട്ടിയതിലൂടെ സിമന്റ് കമ്പനികൾ നേടുന്ന അധിക വരുമാനം എത്രയെന്ന് ഊഹിക്കുകയേ വേണ്ടൂ. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സും ഒട്ടും പുറകോട്ടു പോയിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. പുറത്തുള്ള സിമന്റ് കമ്പനികളുടെ ചുവടുപിടിച്ച് അവരും കൂട്ടി ബാഗൊന്നിന് മുപ്പതു രൂപ. മലബാർ സിമന്റ്സിന്റെ വിപണി വിഹിതം കേവലം നാലു ശതമാനം മാത്രമായതിനാൽ പുറത്തുള്ള ഉത്പാദകരാണ് വില വർദ്ധനയുടെ നേട്ടം അപ്പാടെ കൊയ്യുന്നത്.

ഇപ്പോഴത്തെ വില വർദ്ധനയ്ക്കു പിന്നിൽ ചൂണ്ടിക്കാണിക്കാൻ പ്രത്യേകിച്ചൊരു കാരണവുമില്ല. ബഡ്ജറ്റിനുമുമ്പ് വിലകൂട്ടി പരമാവധി ലാഭം കൊയ്യുന്ന പതിവ് പണ്ടേ തന്നെയുള്ളതാണ്. ഇത്തവണ അത് ആവർത്തിച്ചെന്നു മാത്രമല്ല, ദുരമൂത്ത് രണ്ടാമതൊരു കൂട്ടലിനുകൂടി മുതിർന്നു എന്നുള്ളതാണ് സവിശേഷത. നിർമ്മാണ ജോലികൾ തകൃതിയായി നടക്കുന്ന സമയം തന്നെ നോക്കി സിമന്റ് കമ്പനികൾ നൂറുരൂപയോളം വില കൂട്ടിയതുവഴി ഒറ്റയടിക്കു നേടാനാവുന്നത് അതിഭീമമായ ലാഭമാണ്. സിമന്റ് കമ്പനികൾ കാർട്ടലുകളായി പ്രവർത്തിക്കുന്നതിനാൽ ഒരു ബ്രാൻഡ് മാറ്റി മറ്റൊരു ബ്രാൻഡ് പരീക്ഷിക്കാമെന്നു വച്ചാലും രക്ഷയില്ല. കാരണം വില എല്ലാ ബ്രാൻഡിനും ഏതാണ്ട് ഒരുപോലെ തന്നെയാണ്. വില വർദ്ധന നടപ്പാക്കുന്നതും ഒരുമിച്ചു തന്നെ. കമ്പനികളുടെ കൊള്ളയ്ക്കു നിശബ്ദം വഴങ്ങുക മാത്രമാണ് മലയാളികളുടെ മുന്നിലുള്ള പോംവഴി. അതല്ലെങ്കിൽ സിമന്റ് ഉപയോഗം വേണ്ടെന്നു വയ്ക്കണം.നിർമ്മാണരംഗത്ത് അതു സാദ്ധ്യമല്ലാത്തതിനാൽ വില എത്ര കൂടിയാലും അതു വാങ്ങുകയേ നിർവാഹമുള്ളൂ. ദക്ഷിണ സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് സിമന്റ് വില 400 രൂപ കടക്കുന്നത്.

അയൽ സംസ്ഥാനങ്ങളിലെ സിമന്റ് കമ്പനികളുടെ പ്രതിനിധികളെ വിളിച്ച് വില കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് വ്യവസായമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. എന്നാൽ, രണ്ടാംവട്ടം വില ഉയർന്നിട്ടും ചർച്ചയൊന്നും നടന്നില്ല. സിമന്റ് വില വർദ്ധനയിൽ പ്രതിഷേധിച്ച് ഇവിടത്തെ ഡീലർമാരും കരാറുകാരും ഹർത്താൽ നടത്താൻ ഒരുങ്ങുകയാണ്. ഒരു ദിവസം നിർമ്മാണ മേഖലയെ സ്തംഭിപ്പിക്കാമെന്നതൊഴിച്ചാൽ ഇതുകൊണ്ട് പ്രയോജനമൊന്നുമുണ്ടാകാനിടയില്ല. സർക്കാരിന്റെ ഇടപെടൽ കൊണ്ടേ ഏതെങ്കിലും വിധത്തിലുള്ള ആശ്വാസം ഉണ്ടാവുകയുള്ളൂ. ആ വഴിക്കാണ് ശ്രമം ഉണ്ടാകേണ്ടത്.

നിർമ്മാണ വസ്തുക്കളായ പാറ, മെറ്റൽ, മണൽ, ചുടുകട്ട, സിമന്റ് കട്ട, കമ്പി, മരം ഉരുപ്പടികൾ തുടങ്ങി സർവസാമഗ്രികൾക്കും ദുർവഹമാംവിധം വില കയറിക്കൊണ്ടേയിരിക്കുകയാണ്. അതിനൊപ്പമാണ് സിമന്റിന്റെ അനിയന്ത്രിതമായ വിലക്കയറ്റം. സിമന്റ് ഉപയോഗത്തിൽ മുന്നിട്ടു നിൽക്കുന്ന സർക്കാരിനും ഇപ്പോഴത്ത വിലക്കയറ്റം ബാധകമാണ്. കരാർ എടുത്തവരും ധർമ്മസങ്കടത്തിലാണ്. ഏറ്റെടുത്ത പണി മുഴുമിപ്പിക്കുമ്പോഴേക്കും കരാർ തുക കവിഞ്ഞിരിക്കും. സീസൺ നോക്കി സിമന്റ് വില കൂട്ടുന്ന പ്രവണത നേരത്തേ തന്നെ ഉണ്ട്. എന്നാൽ ഇപ്പോഴുണ്ടായതുപോലെ പതിനഞ്ചു ദിവസത്തെ ഇടവേളയിൽ രണ്ടുതവണ വില കൂട്ടിയ അനുഭവം മുൻപൊരിക്കലും ഉണ്ടായിട്ടില്ല.

പെട്രോളിയം ഉത്‌പന്നങ്ങൾ പോലെ സിമന്റും സർക്കാരിനെ സംബന്ധിച്ചിടത്തോളം കറവപ്പശുവാണ്. ജി.എസ്.ടിയിലെ ഏറ്റവും ഉയർന്ന സ്ളാബായ 28 ശതമാനമാണ് സിമന്റിനുള്ള നികുതി.

വില അധികരിക്കുന്തോറും സർക്കാരിന് നികുതിയിനത്തിൽ കൂടുതൽ വരുമാനം ലഭിക്കും. സിമന്റ് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ താല്പര്യം കാണിക്കാത്തത് ഇതുകൊണ്ടുകൂടിയാണെന്ന് ആക്ഷേപമുണ്ട്. ഏതു നിലയിലും സിമന്റ് കമ്പനികളുടെ ഈ പോക്ക് തടയേണ്ടതു തന്നെയാണ് എന്നതിൽ രണ്ടഭിപ്രായമുണ്ടാകാനിടയില്ല. മറ്റൊന്നും കൊണ്ടല്ല. സംസ്ഥാനത്തെ കൊള്ളയടിക്കുന്നതിനു തുല്യമാണത്.