ആറ്റിങ്ങൽ: കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ആറ്റിങ്ങൽ നിവാസികളുടെ സ്വപ്നമായ നാലുവരിപ്പാതയ്‌ക്ക് വീണ്ടും ചിറകുമുളയ്‌ക്കുന്നു. ആറ്റിങ്ങൽ നാലുവരിപ്പാതയുടെ നിർമ്മാണോദ്ഘാടനം 15ന് മന്ത്റി ജി. സുധാകരൻ നിർവഹിക്കുമെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ് പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഏറ്റെടുത്ത പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം. പൂവമ്പാറ മുതൽ മൂന്നുമുക്കുവരെ നിലവിലെ ദേശീയപാതയാണ് നാലുവരിയായി വികസിപ്പിക്കുന്നത്. ആറ്റിങ്ങലിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ടതാണ് നാലുവരിപ്പാത. നാറ്റ്പാക്ക് നടത്തിയ പഠനത്തെത്തുടർന്നാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. പുറമ്പോക്ക് ഭൂമി, സർക്കാർ ഓഫീസുകളോടനുബന്ധിച്ചുള്ള ഭൂമി എന്നിവ ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. റോഡിനായി ഭൂമിയേറ്റെടുത്തപ്പോൾ പൊളിച്ചുനീക്കിയ സർക്കാർ ഓഫീസുകളുടെ മതിലുകൾ പുനർനിർമ്മിച്ചു തുടങ്ങി. പുതിയ രൂപരേഖ തയ്യാറാക്കുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഉടൻ കരാർ നടപടികൾ പൂർത്തിയാക്കി നിർമ്മാണപ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് നഗരസഭയുടെ തീരുമാനം. 15ന് ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന നിർമ്മാണ ഉദ്ഘാടന യോഗത്തിൽ അഡ്വ. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ. എ.സമ്പത്ത് എം.പി മുഖ്യ അതിഥിയായിരിക്കും. നഗരസഭാ ചെയർമാൻ എം.പ്രദീപ്, ദേശീയപാത വിഭാഗം പൊതുമരാമത്ത് ചീഫ് എൻജിനിയർ എം.അശോക് കുമാർ, വി.ആർ.വിനോദ്, ജി.വിജയരാഘവൻ, ആർ.രാമു, പി.ഉണ്ണികൃഷ്ണൻ, സി.എസ്.ജയചന്ദ്രൻ, തോട്ടയ്ക്കാട് ശശി, കെ.എസ്.ബാബു, അഡ്വ. എസ്.കുമാരി, സി.പ്രദീപ്, ആർ.പ്രദീപ്കുമാർ, എസ്.സജീവ് എന്നിവർ സംസാരിക്കും.