തിരുവനന്തപുരം: ലോകവൈജ്ഞാനിക രംഗത്തെ എല്ലാ മുന്നേറ്റങ്ങളും സ്വാംശീകരിക്കാൻ കഴിയുന്ന വിധത്തിൽ പഠനബോധന രീതി പരിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ, എയ്ഡഡ്, സ്വയംഭരണ കോളേജുകൾക്കുള്ള റൂസ ഫണ്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമായ അക്കാഡമിക് നേതൃത്വം സർവകലാശാലകൾ നൽകണം. വിദ്യാർത്ഥികളെ തൊഴിൽ നേടാനുള്ള ഉപകരണമാക്കുകയല്ല മറിച്ച് നല്ല മനുഷ്യനാക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് കോളേജുകളിൽ 1200 അദ്ധ്യാപകരുടെ തസ്തികകളും 250 അനദ്ധ്യാപക തസ്തികകളും അടുത്ത രണ്ടു വർഷത്തിനകം സൃഷ്ടിക്കാൻ ധനമന്ത്രി സമ്മതിച്ചതായി അദ്ധ്യക്ഷത വഹിച്ച മന്ത്രി ഡോ.കെ.ടി ജലീൽ പറഞ്ഞു. എയ്ഡഡ് കോളേജുകളോട് സർക്കാർ നല്ല സമീപനം സ്വീകരിക്കുമ്പോൾ തിരിച്ചും അതേ രീതിയിലുള്ള സഹകരണം ഉണ്ടാവണം. പ്രളയ ദുരന്തത്തിലായ കേരളത്തെ സഹായിക്കുന്നതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനോട് മോശം പ്രതികരണം ഉണ്ടായത് എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമാണെന്നും മന്ത്രി പറഞ്ഞു.
കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ, കേരള പ്രിൻസിപ്പൽസ് കൗൺസിൽ പ്രസിഡന്റ് ഡോ.ടി.എം.ജോസഫ്, മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജി കെ.എ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ, റൂസ റിസർച്ച് ഓഫീസർ ഡോ.ബിവീഷ് യു.സി എന്നിവർ സംസാരിച്ചു.