തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അധികാരവും ഫണ്ടും കവർന്നെടുക്കുന്നത് ജനദ്രോഹ നടപടിയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് ജനപ്രതിനിധികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക വികസനത്തെ തടസപ്പെടുത്തുന്ന തരത്തിൽ ജനപ്രതിനിധി സഭകളിൽ ഇടപെടുന്നത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ ജനകീയ സഭകളെ സംഘടിപ്പിച്ച് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ലോക്കൽബോഡീസ് മെമ്പേഴ്‌സ് ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കട്ടേരി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, പി. അബ്ദുൽഹമീദ്, സി. മമ്മൂട്ടി, അഡ്വ. എം. ഉമ്മർ, പി. ഉബൈദുള്ള, മഞ്ഞളാംകുഴി അലി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാൻ രണ്ടത്താണി, ബീമാപള്ളി റഷീദ് തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് കെ.എ. ജബ്ബാർ, എ.കെ. അബ്ദുൽ നാസർ, റസാഖ് ആലപ്പുഴ, മൊയ്തു എറണാകുളം, മുഹമ്മദ് കുഞ്ഞ് കാസർകോട് തുടങ്ങിയവർ നേതൃത്വം നല്‍കി.