ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ പാറയടി, ഇളമ്പ പാലം, അയിലം, ചേങ്കോട്ട്കോണം പ്രദേശങ്ങളിൽ കുരങ്ങിന്റെയും, മുള്ളൻ പന്നിയുടെയും ശല്യം രൂക്ഷമാകുന്നു. ഭക്ഷ്യ വസ്തുക്കൾ വീട്ടിനുള്ളിൽ പോലും സൂക്ഷിക്കാനാവാത്ത അവസ്ഥയാണ്. മുള്ളൻ പന്നികളുടെ ആക്രമണത്തിലും വ്യാപകമായ കൃഷി നാശം ഉണ്ടാകുന്നതായി പരാതിയുണ്ട്. കുരങ്ങുകൾ കൂട്ടത്തോടെ വീടുകളിൽ കയറി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ഭക്ഷണ സാധനങ്ങൾ അപഹരിക്കുകയും ചെയ്യുകയാണ്. ആരെങ്കിലും തടയാൻ ചെന്നാൽ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. കുരങ്ങിന്റെയും മുള്ളൻ പന്നികളുടേയും ആക്രമണങ്ങളിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. പാറയടി പ്രദേശത്തെ പാറയിടുക്കുകളിലാണ് കുരങ്ങുകളുടെയും മുള്ളൻ പന്നികളുടെയും താവളം. കഴിഞ്ഞ ദിവസം അയിലത്ത് പുരുഷോത്തമന്റെ പരിത്തിനാം പൊയ്ക വീട്ടിൽ സംഘം ചേർന്നെത്തിയ കുരങ്ങുകൾ വീട്ടുപകരണങ്ങളും പാത്രങ്ങളും അടക്കം തകർക്കുകയും വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യ വസ്തുതുക്കളും ധാന്യങ്ങളും പൂർണമായി നശിപ്പിക്കുകയും, വീടിന്റെ മേൽക്കൂര മുഴുവൻ നശിപ്പിക്കുകയും ചെയ്തു. ആളില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. മാസങ്ങളായി തുടരുന്ന കുരങ്ങ്, മുള്ളൻ പന്നി ശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.