തിരുവനന്തപുരം : പ്രായം 78 പിന്നിട്ടെങ്കിലും ആവേശം തെല്ലും ചോരാതെ ആറ്റുകാൽ ക്ഷേത്രവും പരിസരവും ദീപാലങ്കൃതമാക്കാനും ശബ്ദമുഖരിതമാക്കാനും ഓടിനടക്കുകയാണ് അട്ടക്കുളങ്ങര മോഹൻ സൗണ്ട്സ് ഉടമ ദാമോദരൻ നായർ. 51വർഷം മുൻപ് 10 ട്യൂബും 4 സ്പീക്കറും 2 മൈക്കും ഒരു ജനറേറ്ററുമായാണ് ശ്രീകണ്ഠേശ്വരം സ്വദേശി ദാമോദരൻ നായർ ക്ഷേത്രമുറ്റത്തെത്തിയത്. അന്നുമുതൽ നഗരവാസികളുടെ പ്രിയപ്പെട്ട ദാമുവിന് പക്ഷേ ഇന്ന് കാര്യങ്ങൾ അത്ര നിസാരമല്ല. ക്ഷേത്രത്തിന് ചുറ്റുമുള്ള അഞ്ചര കിലോമീറ്റർ ശബ്ദവും വെളിച്ചവും നിറയ്ക്കാനുള്ള ഉത്തരവാദിത്വമാണ് നിറവേറ്റാനുള്ളത്. ഈ വ‌ർഷവും പതിവുപോലെ ഉത്സവത്തിന്റെ ആദ്യദിനം വൈകിട്ട് തിരക്കുകളിൽ മുഴുകിയിരുന്ന ദാമു അപ്രതീക്ഷിതമായാണ് ക്ഷേത്രത്തിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല ഓടിച്ചെന്ന് കൈകൊടുത്തു. ദാമുവിന്റെ കഥ കേട്ടതോടെ മന്ത്രിക്കും കൗതുകമായി. പൊതുവേദിയിൽ ദാമുവിനെ ആദരിക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികളോട് മന്ത്രി ആവശ്യപ്പെട്ടു. ഏറെ നേരം കുശലവും പറഞ്ഞു. സമീപത്തെ ഹോട്ടലിൽ നിന്ന് ദാമുവിനൊപ്പം ചായയും കുടിച്ചാണ് മന്ത്രി മടങ്ങിയത്. മൂന്ന് ആൺമക്കളിൽ ഇളയവനായ കൊച്ചുമോനൊപ്പം ശ്രീകണ്ഠേശ്വരത്തെ വീട്ടിലാണ് താമസം. ഏഴ് വർഷം മുമ്പ് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്ര് സ്വർണ മോതിരം നൽകി ദാമുവിനെ ആദരിച്ചിരുന്നു.