കാട്ടാക്കട: താലൂക്ക് ആസ്ഥാനമായ കാട്ടാക്കടയിൽ മണിക്കൂറോളമാണ് ഗതാഗതക്കുരുക്ക് നേരിടുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുരുക്കിൽ പെട്ടത് ആംബുലൻസും കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കു പാഞ്ഞ കാറും രക്ഷാപ്രവർത്തനം നടത്തേണ്ട ഫയർഫോഴ്സ് യൂണിറ്റുമാണ്. കാട്ടാക്കട പൊലീസ് തലങ്ങും വിലങ്ങും ഓടിയിട്ടും ഇവിടുത്തെ കുരുക്കഴിക്കാൻ ചിലപ്പോൾ മണിക്കൂറുകളോളം വേണ്ടി വരുന്നു.
പ്രധാന ജംഗ്ഷനിൽ മൂന്നു റോഡിൽ നിന്നും വാഹനങ്ങൾ നിറഞ്ഞു കുരുങ്ങുന്നതോടെ നെയ്യാർ ഡാം റോഡിൽ ചൂണ്ടു പലകയ്ക്ക് അപ്പുറവും കാട്ടാക്കട പൂവച്ചൽ റോഡിൽ കൈതക്കോണം വരെയും തിരുവനന്തപുരം- നെയ്യാറ്റിൻകര റോഡുകളിലും പലപ്പോഴും കിലോമീറ്റിറുകളോളം വാഹനങ്ങൾ നിരന്നു കിടപ്പാണ്. ഇതോടെ കാട്ടാക്കടയുടെ അവസ്ഥ അറിയുന്നവർ ഊടുവഴികളിലൂടെ ജഗ്ഷനിൽ എത്തുമെങ്കിലും കിരുക്കിൽ തന്നെ വന്നുചേരും. ഇതോടെ വാഹനങ്ങൾ വഴി തിരിച്ചു വിടാൻ പോലും സാധിക്കാത്ത സ്ഥിതിയിലാകും. കഴിഞ്ഞ ദിവസങ്ങളിൽ കൈകുഞ്ഞമായി ആശുപത്രിയിലേക്കു പോയ മറ്റൊരു വാഹനവും കുരുക്കിൽ പെട്ടു കിടന്നത് 20 മിനിട്ടോളമാണ്. വളരെ പണിപ്പെട്ടാണ് ഈ വാഹനം കുരുക്കിൽ നിന്ന് രക്ഷപെട്ടത്.
പലപ്പോഴും കാട്ടക്കട സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസും ഹോം ഗാർഡും ഗതാഗതം നിയന്ത്രിക്കാൻ പാടുപെടുകയാണ്. സ്റ്റേഷൻ ഡ്യൂട്ടിക്ക് വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമുള്ളതിനാൽ ഒരു വശത്തെ ഗതാഗത കുരുക്ക് അഴിക്കുംമ്പോൾ മറുവശം കൊണ്ട് കുരുക്ക് മുറുകുകയാണ് പതിവ്. ഇതും ഗതാഗത നിയന്ത്രണത്തെ ബാധിക്കുന്നുണ്ട്. പൊലീസുകാരുടെ ബുദ്ധിമുട്ട് കണ്ട് പലപ്പോഴും ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും ഗതാഗത കുരുക്കഴിക്കാൻ പൊലീസുകാരെ സഹായിക്കും.
കാട്ടാക്കട പട്ടണത്തിലെ അനധികൃത പാർക്കിംഗ് ഗതാഗത കുരുക്കിന് പ്രധാന കാരണമെന്നും ആക്ഷേപമുണ്ട്. കാലാകാലങ്ങളിൽ കാട്ടാക്കടയിലെ ഗതാഗതക്കുരുക്ക് മാറ്റാൻ സർവ കക്ഷിയോഗം വിളിക്കുമെങ്കിലും ഇത് ചടങ്ങ് മാത്രമായി മാറുന്നു.