തിരുവനന്തപുരം: പടിഞ്ഞാറേകോട്ട പെരുന്താന്നി എൻ.എസ്.എസ് സ്‌കൂളിന് സമീപം കഴിഞ്ഞദിവസം രാത്രി ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാക്കൾ മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറാതെ കല്ലറ, കോടങ്കര നിവാസികൾ. കല്ലറ അഭിവിലാസത്തിൽ ശശിധരന്റെ മകൻ അഭിലാൽ (23), മരിയാപുരം കോടങ്കര ഗോവിന്ദമന്ദിരത്തിൽ പരേതനായ ജയകുമാർ - ലേഖ ദമ്പതികളുടെ മകൻ അഭിലാഷ് (24) എന്നിവരാണ് മരിച്ചത്. ലോറിക്കടിയിൽ കുരുങ്ങിയ അഭിലാഷിനെ ഏറെ പണിപ്പെട്ടാണ് പൊലീസും ഫയർഫോഴ്സും പുറത്തെടുത്തത്. ഇയാളുടേതാണ് ബൈക്ക്. തലയ്ക്കേറ്റ പരിക്കാണ് അഭിലാലിന്റെ മരണകാരണം. ട്രിവാൻഡ്രം മാളിലെ ജീവനക്കാരായ അഭിലാഷും തിരുവനന്തപുരം വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ അഭിലാലും ജോലി കഴിഞ്ഞ് അഭിലാലിന്റെ പാപ്പനംകോടുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അഭിലാലിന്റെ പഴ്സിൽ നിന്ന് ലഭിച്ച ഐ.ഡി കാർഡും മാളിലെ ഐ.ഡി കാർഡുമാണ് ഇവരെ തിരിച്ചറിയാൻ സഹായിച്ചത്. ഇരുവരുടെയും മൃതദേഹം സംസ്‌കരിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽപ്പെട്ട ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിയാണ് തീപിടിത്തമുണ്ടായതെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. ഫയർഫോഴ്സും പൊലീസും ഉടനെത്തി തീഅണച്ചു. അപകടത്തെത്തുടർന്ന് ഇറങ്ങിയോടിയ ലോറി ജീവനക്കാരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.
അഭിലാഷ് യാത്രയായത് ഒരുപാട് ആഗ്രഹങ്ങൾ ബാക്കിവച്ച്
ചെറുപ്രായത്തിൽ തന്നെ കുടുംബത്തെ സഹായിക്കാൻ ജോലിക്കിറങ്ങിയ അഭിലാഷ് യാത്രയായത് ഒരുപാട് മോഹങ്ങൾ ബാക്കിവച്ചാണ്. അഞ്ച് വർഷം മുമ്പ് അഭിലാഷിന്റെ പിതാവ് ട്രെയിൻ തട്ടി മരിച്ചിരുന്നു. വിദ്യാഭ്യാസം പൂർണമാകുന്നതിനു മുമ്പ് അഭിലാഷിനും, ജ്യേഷ്ഠനായ അഭിജിത്തിനും ജോലി തേടി ഇറങ്ങേണ്ടിവന്നത് ഇത് മൂലമാണ്. സ്‌കൂൾ വിദ്യാർത്ഥിനിയായ സഹോദരിയെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കുകയായിരുന്നു ഈ സഹോദരങ്ങളുടെ ലക്ഷ്യം. വീട്ടുകാരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്‌ത്തിയുള്ള അഭിലാഷിന്റെ വിയോഗം ഇന്നലെ പുലർച്ചെയാണ് നാട്ടുകാരറിയുന്നത്. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കോടങ്കരയിലെ വീട്ടിലെത്തിച്ച മൃതദേഹം പിതാവിനെ സംസ്‌കരിച്ച സ്ഥലത്തിനടുത്തുതന്നെ സംസ്‌കരിച്ചു.
അഭിലാലിന്റെ വേർപാടിൽ വിതുമ്പി വെള്ളംകുടിയിലെ നാട്ടുകാർ
തിരുവനന്തപുരം വിമാനത്താവളത്തിലെ താത്‌കാലിക ജോലിക്ക് പോകുന്നതിന് മുമ്പ് ഭാരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവ അഭിലാൽ കുട്ടികളെ പഠിപ്പിച്ചിരുന്നു. ഉത്സവങ്ങളിലും നൃത്തപരിപാടികൾ നടത്താറുണ്ട്. ജോലിക്കൊപ്പം നൃത്തവും തുടരണമെന്നായിരുന്നു അഭിയുടെ ആഗ്രഹമെന്ന് ബന്ധുക്കൾ പറഞ്ഞു. സൗമ്യനായിരുന്ന അഭി നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു.
ആദ്യം കേട്ടത് വൻ സ്‌ഫോടനശബ്ദം
പടിഞ്ഞാറേകോട്ടയിൽ നടന്ന അപകടത്തിൽ എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ ആദ്യം ദൃക്‌സാക്ഷികൾക്ക് കഴിഞ്ഞില്ല. റോഡ് സൈഡിലുണ്ടായിരുന്ന യുവാക്കൾ വൻ സ്‌ഫോടനശബ്ദം കേട്ടാണ് സംഭവസ്ഥലത്തെത്തുന്നത്. പിന്നെ കാണുന്നത് ലോറിയുടെ മുൻ ഭാഗം കത്തുന്നതാണ്. ഇൗ സമയം ബൈക്ക‌് യാത്രക്കാർ അപകടത്തിൽപ്പെട്ടത‌് ആരും അറിഞ്ഞിരുന്നില്ല. അഗ്നിഗോളത്തിനടുത്തേക്ക‌് എത്തിയപ്പോഴാണ് നാട്ടുകാർ അരികിൽ ചിതറിയ നിലയിൽ യുവാക്കളുടെ ശരീരഭാഗങ്ങൾ കണ്ടത്.