നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോടതി വളപ്പിലെ രണ്ട് മരങ്ങൾ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തിരക്കേറിയ കോടതി റോഡിലേക്ക് കടപുഴകി. കോടതി വളപ്പിലുണ്ടായിരുന്ന പൊരിയണി കടപുഴകി സമീപത്തുനിന്ന അരശു മരത്തിന് മുകളിലൂടെ വീഴുകയും തുടർന്ന് രണ്ടുമരങ്ങളും ഒന്നിച്ച് റോഡിലേക്ക് പതിക്കുകയുമായിരുന്നു. ജുഡിഷ്യൽ ഓഫീസർമാരുടെ ക്വാർട്ടേഴ്സിന് മുകളിലും മരച്ചില്ലകൾ വന്നുപതിച്ചു. മരങ്ങൾ വീണ് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾക്ക് കേടുപാടുണ്ട്. പൂവാർ കടയ്ക്കരവിളാകം സ്വദേശി കല്പാസിന്റെ ബൈക്ക് ഭാഗികമായി തകർന്നു. ഈ ഭാഗത്ത് ഇന്നലെ തിരക്ക് കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. പൊരിയണി മരത്തിന് 50 വർഷത്തോളം പഴക്കമുണ്ട്. നെയ്യാറ്റിൻകര ഫയർഫോഴ്സ് ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. കുറച്ചുദിവസം മുമ്പ് നെയ്യാറ്റിൻകര ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിൽ മരം കടപുഴകി വീണിരുന്നു.