തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 18 ന് നടക്കുമെന്നും ഒറ്റ ദിവസം കൊണ്ട് ചർച്ച പൂർത്തിയാക്കുമെന്നും കൺവീനർ ബെന്നി ബഹനാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക ഈ മാസം 25 നകം തയ്യാറാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റുകളുടെ കാര്യത്തിൽ തർക്കമൊന്നുമുണ്ടാവില്ല.ആരും ആരുടെയും സീറ്റ് പിടിച്ചെടുക്കില്ല.
ആയിരം ദിവസം ആഘോഷിക്കാൻ ഒരുങ്ങുന്ന സർക്കാരിന് അഭിമാനിക്കാൻ ഒന്നുമില്ല.ഇത്രയും ദിവസങ്ങൾ പാഴായി. യു.ഡി.എഫ് തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുക മാത്രമാണ് പിണറായി സർക്കാർ ചെയ്തത്. ഓഖി, പ്രളയ ദുരിതബാധിതരെ രക്ഷിക്കാൻ ഫലപ്രദമായ ഒരു നടപടിയും സർക്കാർ ചെയ്യുന്നില്ല. കർഷകരുടെ നഷ്ടം നികത്താനുള്ള ഒരു പദ്ധതിയുമില്ല. പൂർണ്ണമായി തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിനും ഭാഗികമായ തകർന്ന വീടുകളുടെ നിർമ്മാണത്തിനും ഒരു നടപടിയുമില്ല.
സർക്കാരിന്റെ ഈ പരാജയം വിശദീകരിക്കാൻ ഈ മാസം 19 ന് തിരുവനന്തപുരത്ത് സമ്മേളനം നടത്തും. എല്ലാ ജില്ലകളിലും നേതാക്കൾ സർക്കാരിന്റെ പരാജയം വിശദീകരിക്കും. ഷുക്കൂറിന്റേത് ആസൂത്രിതവും ക്രൂരവുമായ കൊലപാതകമാണ്. അന്ന് യു.ഡി.എഫ് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ സി.ബി.ഐ കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്. എന്നും പരോളിൽ പുറത്തുകഴിഞ്ഞിരുന്ന കുഞ്ഞനന്തൻ ഏറ്റവും മാന്യനാണെന്നാണ് ഇപ്പോൾ പറയുന്നത്.ഒരു വനിതാ ഉദ്യോഗസ്ഥയോട് ഏറ്റവും മോശമായി പെരുമാറിയ രാജേന്ദ്രൻ എം.എൽ.എ യെ പാർട്ടി ന്യായീകരിക്കുകയാണെന്നും ബെന്നിബഹനാൻ ചൂണ്ടിക്കാട്ടി.