കോൺഗ്രസിന് ആദ്യത്തെ മുഖ്യമന്ത്രിയെ സംഭാവന ചെയ്ത പിന്നാക്ക സമൂഹത്തിന് ഇന്ന് ഒരു എം.എൽ.എ മാത്രമാണുള്ളത് എന്നറിയുമ്പോൾ കോൺഗ്രസിന്റെ പിന്നാക്ക താത്പര്യസംരക്ഷണം ഏത് രീതിയിലാണെന്ന് വ്യക്തമാവുകയാണ്. ഈ ഒരു പ്രാതിനിദ്ധ്യം തന്നെ ഇല്ലാതാക്കാനുണ്ടായ ശ്രമം പിന്നാക്ക മനസുകളെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഈ സമീപനത്തിൽ ഗൗരവമായ മാറ്റം, മുന്നണി നേതൃത്വത്തിൽ നിന്നും കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു.
ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, ചാലക്കുടി, തൃശൂർ, പാലക്കാട്, കണ്ണൂർ, വടകര എന്നീ 8 മണ്ഡലങ്ങൾ പിന്നാക്ക ഭൂരിപക്ഷമുള്ളവയാണ്. ഈ 8 സീറ്റുകൾ ആവശ്യപ്പെടാൻ മുന്നണിയിലോ കോൺഗ്രസിലോ പിന്നാക്കക്കാർ ഇല്ല എന്നതാണ് വസ്തുത. ആ രീതിയിൽ കോൺഗ്രസിൽ പിന്നാക്കക്കാർ ശാസ്ത്രീയമായി ഒതുക്കപ്പെട്ടു. അതിനാൽ പിന്നാക്കക്കാർ കോൺഗ്രസിൽ നിന്ന് അകലുകയും ചെയ്തു. രണ്ടും മൂന്നും സീറ്റിനുവേണ്ടിയുള്ള വാദത്തിൽ മുന്നണിയുടെ വിശാല ലക്ഷ്യം തന്നെ ചില വിഭാഗങ്ങളുടെ താത്പര്യത്തിന് അടിയറ വയ്ക്കുന്നുവെന്ന തോന്നൽ പാെതു സമൂഹത്തിൽ ഉണ്ടായിരിക്കുന്നു.
എല്ലാ സമുദായങ്ങളെയും ജനസംഖ്യാനുപാതികമായി കാണുന്നതിൽ കുറെ കാലമായി മുന്നണിക്ക് പരാജയം സംഭവിച്ചിട്ടുണ്ട്. അതുൾക്കൊണ്ട് മുന്നോട്ട് പോകാൻ മുന്നണിക്ക് കഴിയുന്നില്ല. അർഹമായ പരിഗണനയില്ലാത്തതുകൊണ്ട് പിന്നാക്കക്കാർ വ്യാപകമായി പിന്തള്ളപ്പെടുന്നു. അതുകൊണ്ട് പിന്നാക്ക സമൂഹത്തിന് നേരെ മുഖം തിരിച്ച് നിൽക്കുന്ന ഇന്നത്തെ സമീപനത്തിൽ മാറ്റം ഉണ്ടാവുകയും മതിയായ പ്രാതിനിദ്ധ്യം നൽകി പിന്നാക്ക സമുദായങ്ങളെ ആകർഷിക്കാൻ മുന്നണിയും കോൺഗ്രസും തയ്യാറാവണം.
എ.വി. സജീവ്, തൃശൂർ
(SNDP യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി മുൻ പ്രസിഡന്റ്).
9447526978